NEWS

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ‘വലിയ നേട്ടം’; ഒക്ടോബർ 22ന് വരുമാനം 10.64 കോടി രൂപ


തിരുവനന്തപുരം ∙ ശബരിമല സീസൺ ഒഴികെയുള്ള ദിവസങ്ങളിൽ, ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയാണു കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാൽ മറ്റു സർവീസുകളിൽ നിന്നായി 7.33 കോടി രൂപ നേടി. വാടകയ്ക്കെടുത്ത ബസുകൾ കൂടി ഉൾപ്പെടുത്തി, സംസ്ഥാനാന്തര സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്തു. ഇതിലൂടെയാണു ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്.കഴിഞ്ഞവർഷം പൂജാ അവധിക്കാലത്തിനു ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപനയിൽ 1.24 കോടി രൂപയിലധികം വർധനയുണ്ടായി. വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണു കെഎസ്ആർടിസി സർവീസ് നടത്തിയത്. ഒരു കിലോമീറ്ററിനു ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞവർഷത്തെ 58.80 രൂപയിൽനിന്ന് 66.44 രൂപയായി ഉയർന്നു. ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനം 20,094 രൂപയിൽനിന്ന് 23,215 രൂപയായി വർധിച്ചു. ഒറ്റദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണു കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവീസുകൾ ക്രമീകരിക്കാനും, ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ചു വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുമാണു കോർപറേഷന്റെ തീരുമാനം.


Fashion ⏭️

Back to top button