SPORTS

‘അവരൊക്കെ മറ്റു ചില കാര്യങ്ങളിൽ വ്യാപൃതരാണ്; ഡ്രസ്സിങ് റൂമിൽ നിന്നെപ്പോലൊരാളെ മിസ് ചെയ്യുന്നു’: മുൻ സഹതാരത്തോട് സഞ്ജു


ബെംഗളൂരു ∙ ലോകകപ്പ് പ്രകടനങ്ങളിൽനിന്നു ലഭിച്ച ആത്മവിശ്വാസം സ്വന്തം കളിയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിച്ചെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പതറാതെ യാഥാർഥ്യബോധത്തോടെ മുന്നോട്ടു പോകാനും നിർഭയമായി ക്രിക്കറ്റ് കളിക്കുന്നത് തുടരാനുമാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും സഞ്ജു പറഞ്ഞു. ഈ വർഷമാദ്യം നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സഞ്ജു ആയിരുന്നു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ഫോമിൽ ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘകടകമായി സഞ്ജു മാറിക്കഴിഞ്ഞു.മഴ വിട്ടുമാറാതെ നിൽക്കുമ്പോൾ ഒരു കളിക്കാരന്റെ മനസ്സിലൂടെ എന്താണ് കടന്നുപോകുന്നത് എന്ന ചോദ്യത്തിന് തമാശരൂപേണയാണ് സഞ്ജു മറുപടി നൽകിയത്. ‘‘ഡ്രസ്സിങ് റൂമിൽ നിന്നെപ്പോലൊരാളെ (ചെഹൽ) ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട്! അന്തരീക്ഷം എപ്പോഴും രസകരമായി മാറ്റാൻ കഴിയുന്ന ഒരാൾ. മഴ പെയ്യുമ്പോൾ ക്രിക്കറ്റിനെക്കുറിച്ച് ഒരുപാടങ്ങ് ചിന്തിച്ചുകൂട്ടുന്നതിൽ വലിയ കാര്യമൊന്നുമില്ല. ബിഷ്‌ണോയിയും അർഷ്ദീപും മറ്റു ചില കാര്യങ്ങളിൽ വ്യാപൃതരാണ്, അതുകൊണ്ട് ഡ്രസ്സിങ് റൂമിലെ കാര്യങ്ങൾ എങ്ങനെയാണെന്ന് നിനക്ക് അറിയാമല്ലോ.’’– സഞ്ജു ചിരിയോടെ പറഞ്ഞു.‘‘വളരെ സത്യസന്ധമായി പറഞ്ഞാൽ, ഇപ്പോഴത്തെ മത്സരക്രമം അനുസരിച്ച് പരിശീലനത്തിനോ തയാറെടുപ്പുകൾക്കോ വലിയ സമയം ലഭിക്കാറില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് നമ്മുടെ പരിചയസമ്പത്ത് തുണയാകുന്നത്. നല്ലൊരു മാനസികാവസ്ഥ നിലനിർത്താനും ലഭിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.’’– സഞ്ജു കൂട്ടിച്ചേർത്തു.  


Auto ⏭️

Back to top button