NEWS

മഹാരാഷ്ട്രയിലും ഗുജറാത്തിലും കണ്ട മാഥൂർ മാജിക്; ബിജെപിയുടെ നിശബ്ദ സംഘാടകൻ ലോക്ഭവനിലേക്ക്


തിരുവനന്തപുരം∙ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ കേരളത്തിലേക്ക് ഗവര്‍ണറായി നിയോഗിച്ചിരിക്കുന്നത് ബിജെപിയുടെ ഏറ്റവും മികച്ച സംഘാടകനെ. പാര്‍ട്ടി പ്രവര്‍ത്തനഘട്ടത്തില്‍ സംഘടനാ ചുമതലയുമായി എത്തിയ സംസ്ഥാനങ്ങളില്‍ എല്ലാം ബിജെപിക്കു മികച്ച അടിത്തറയും വിജയവും ഉറപ്പാക്കിയ ട്രാക്ക് റെക്കോര്‍ഡാണ് പുതിയ ഗവര്‍ണറായി നിയോഗിക്കപ്പെട്ട ഓം പ്രകാശ് മാഥൂറിനുള്ളത്. 2014 ല്‍ മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ശക്തിതെളിയിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചത് മാഥൂര്‍ ആണ്. 2018 ല്‍ കര്‍ണാടകയിലും 2019 ല്‍ ജാര്‍ഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളിലും മാഥൂറിന്റെ തന്ത്രങ്ങളാണു ബിജെപിക്കു കരുത്തു പകര്‍ന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ മാഥൂറിനു ചുമതലയുണ്ടായിരുന്ന ഘട്ടത്തിലാണ് ആകെയുള്ള 26 സീറ്റുകളും ബിജെപി സ്വന്തമാക്കിയത്.നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ പോലെ ആര്‍എസ്എസിലൂടെ തന്നെയാണ് രാജസ്ഥാന്‍ സ്വദേശിയായ മാഥൂറിന്റെയും പൊതുരംഗത്തെ തുടക്കം. 1972 മുതല്‍ 79 വരെ രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു. 1975 ല്‍ അടിയന്തരാവസ്ഥയില്‍ 11 മാസത്തോളം ജയില്‍ ജീവിതവും നയിച്ചിട്ടുണ്ട്. തുടര്‍ന്ന് 1979 മുതല്‍ 1989 വരെ കര്‍ഷകസംഘടനയായ ഭാരതിയ കിസാന്‍ സംഘിന്റെ പ്രധാന ചുമതല വഹിച്ച മാഥൂര്‍ തുടര്‍ന്ന് ബിജെപിയുടെ സജീവനേതൃത്വത്തിലേക്ക് എത്തി. 1989 മുതല്‍ 2024 വരെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു. ഈ സമയത്തു തന്നെ രാജസ്ഥാനില്‍ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയും വഹിച്ചു. 2002 ല്‍ ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കി. തൊട്ടടുത്ത വര്‍ഷം മധ്യപ്രദേശ് ബിജെപി യൂണിറ്റിന്റെ ചുമതലയും പിന്നീട് ഗുജറാത്തിലെ ചുമതലയും വഹിച്ചു.


Fashion ⏭️

Back to top button