SPORTS
ശിഖർ മോഹന് സെഞ്ചറി; രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യദിനം ജാർഖണ്ഡ് 5ന് 289

ജംഷഡ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ജാർഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിൽ. ഒരു ഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ജാർഖണ്ഡിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി അവസാന സെഷനിൽ ശക്തമായി തിരിച്ചുവരികയായിരുന്നു കേരളം. സെഞ്ചറി നേടിയ ശിഖർ മോഹനാണ് (196 പന്തിൽ 143) ജാർഖണ്ഡ് ഇന്നിങ്സിന് കരുത്തായത്. എന്നാൽ അവസാന സെഷന്റെ തുടക്കത്തിൽ തന്നെ ശിഖർ മോഹനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. 143 റൺസെടുത്ത ശിഖർ ക്ലീൻ ബൗൾഡാവുകയായിരുന്നു. സ്കോർ ബോർഡിൽ രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഉത്കർഷ് സിങ്ങിന്റെ വിക്കറ്റും ജാർഖണ്ഡിന് നഷ്ടമായി. 71 റൺസെടുത്ത ഉത്കർഷ്, ജലജ് സക്സേനയുടെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ റോബിൻ മിൻസ് (10) വൈശാഖ് ചന്ദ്രന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പത്ത് റൺസെടുത്ത മുഹമ്മദ് കുനെയ്ൻ ഖുറേഷിയെയും വൈശാഖ് ചന്ദ്രൻ തന്നെ പുറത്താക്കി. കളി നിർത്തുമ്പോൾ 12 റൺസോടെ ക്യാപ്റ്റൻ വിരാട് സിങ്ങും അഞ്ച് റൺസോടെ ആദിത്യ ചന്ദ്രേഷ് സിങ്ങുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Auto ⏭️




