NEWS

‘നിന്റെ അച്ഛൻ എവിടെയെടാ’? 3 പേരുടെ ജീവനെടുത്ത അപകടത്തിലെ കാർ ഡ്രൈവർ സുഹൈലിനു മർദനം


നെടുമ്പാശേരി ∙ നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച സുഹൈൽ സജീവിനു മർദനം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്ക് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളാണ് പ്രതിയെ മർദിക്കാൻ തുനിഞ്ഞതെന്നാണ് കരുതുന്നത്. ആശുപത്രിയിൽനിന്നും സുഹൈലിനെ പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് സുഹൈലിനെ മർദിച്ചത്. ‘നിന്റെ അച്ഛൻ എവിടെയെടാ’ എന്ന് ചോദിച്ചായിരുന്നു ആക്രമിക്കാൻ ശ്രമമുണ്ടായത്. ആക്രമണം ഉണ്ടായപ്പോൾ എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു ഡ്രൈവറായ യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.ഇന്ന് പുലർച്ചെയാണ് അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടിയാണ് പൊലീസിനെ ഏൽപിച്ചത്.


Fashion ⏭️

Back to top button