NEWS

ആസൂത്രണ ബോർഡിലെ വിവാദ പരീക്ഷ: പുനർമൂല്യനിർണയത്തിൽ പരാതിക്കാരന് ഒന്നാം റാങ്ക്, ഒന്നാം റാങ്കുകാരന് അഞ്ച്


തിരുവനന്തപുരം∙ വിവാദമായ ആസൂത്രണ ബോർഡ് ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്കുള്ള പിഎസ്‌സിയുടെ പുതിയ റാങ്ക് ലിസ്റ്റിൽ പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത് വിവാദമായതിനു പിന്നാലെയാണ് പുനർമൂല്യനിർണയവും അഭിമുഖവും നടത്തി പുതിയ റാങ്ക് ലിസ്റ്റ് തയാറാക്കിയത്.ഒരൊഴിവ് മാത്രമുള്ള തസ്തികയിലേക്കു മുൻപ് നടന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നിയമിതനായ അരുൺ ജെ.പ്രതാപിന് പുതിയ റാങ്ക് പട്ടികയിൽ അഞ്ചാം റാങ്ക് മാത്രമാണുള്ളത്. ശ്യാം കൃഷ്ണന് 78.50 മാർക്കും അരുണിന് 64.25 മാർക്കുമാണ് ലഭിച്ചിരിക്കുന്നത്. ശ്യാമിനു പരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കും ലഭിച്ചു. അരുണിന് ഇത് യഥാക്രമം 46.25, 18 എന്നിങ്ങനെയാണ്. ആദ്യ റാങ്ക് പട്ടികയിൽ മൂന്നാം റാങ്കായിരുന്നു ശ്യാം കൃഷ്ണന്.  ഒരു ലക്ഷം രൂപയിലേറെ പ്രതിമാസ ശമ്പളമുള്ള പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കു നടത്തിയ പരീക്ഷയിലെ പത്തു ചോദ്യങ്ങൾക്കു മാർക്കിടാതെ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നൽകിയതാണ് വിവാദമായത്. ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പിഎസ്‌സി മാർക്കിട്ടിട്ടുള്ളൂ. ബാക്കി പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ അധ്യാപകർക്ക് കൈമാറിയില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെ പ്ലാനിങ് ബോർഡ് ചീഫ് പോലെയുള്ള ഉയർന്ന തസ്തികയ്ക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നൽകുകയായിരുന്നു.


Fashion ⏭️

Back to top button