NEWS

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടിയും


കൊച്ചി∙ കൽപ്പറ്റ മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ ചെരുപ്പിടാറില്ല. മണ്ണിൽ ചവിട്ടി നടക്കുന്നയാളായതുകൊണ്ട് അദ്ദേഹത്തിന് മനുഷ്യന്റെ മനസിലെ നനവും പൊള്ളലുമറിയാം. തന്റെ വീട്ടിലെ കാലിത്തൊഴുത്തിൽ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് ആ കണ്ണെത്താൻ അധികനേരം വേണ്ടി വന്നതുമില്ല. ബിക്രം എന്നുപേരുള്ള ആ ബാലന്റെ കൈപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങി ചെന്നത് മമ്മൂട്ടിയിലേക്കും അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമാണ്.’ശശീന്ദ്രൻ ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അത്രമേൽ അർഹതയുളളവർക്ക് വേണ്ടി ആയിരിക്കും’- മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളോട് പറഞ്ഞു. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സൗജന്യമായി നടത്തിയത്. ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞദിവസം നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ടു. ഇനി അവൻ ജീവിതത്തിൽ കിതയ്ക്കാതെ മുന്നേറും.ആശുപത്രിയിൽ എത്തിയ ബിക്രവും പിതാവും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദം ശസ്ത്രക്രിയക്ക് വെല്ലുവിളി ആയിരുന്നു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരൻ കത്തീറ്റർ കടത്തിയുളള താക്കോൽദ്വാര മാർഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. സങ്കീർണമായ ചികിത്സയിൽ പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാഥൽ, പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യോളജി കൺസൾട്ടൻ്റ് ഡോ.ബിജിന ഭരതൻ കെ എന്നിവർ പങ്കാളികളായി.


Fashion ⏭️

Back to top button