NEWS

പ്രിയദർശിനി ബസ് പ്രതിന്ധിയിലാക്കി,​ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് 

പ്രിയദർശിനി ബസുകൾ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി മൂലമുള്ള പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിന്റെ ആദ്യഘട്ടമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും.

പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഡീസൽ ചെലവിനും ജീവനക്കാർക്ക് മാന്യമായ വേതനം നൽകുന്നതിനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് ഫെഡറേഷന്റെ പ്രധാന പരാതി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിനും പത്മകുമാർ ഐ.പി.എസ് അധ്യക്ഷനായ വിദഗ്ധസമിതിക്കും മുന്നിൽ മൂന്ന് പാക്കേജുകൾ സമർപ്പിച്ചിരുന്നുവെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. റൂട്ട് പെർമിറ്റുള്ള സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധസമിതിയുടെ ശുപാർശയിലും തീരുമാനമായിട്ടില്ല.

ഒക്ടോബർ 14-ലെ മാർച്ചിനുശേഷവും ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഒക്ടോബർ അവസാനവാരം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. അതിനുശേഷവും നടപടിയുണ്ടാകാത്ത പക്ഷം നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ നിർത്തിവെച്ച് ബസ് പണിമുടക്ക് നടത്തുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Read News ⏭️

Back to top button