NEWS
എംവിഡിയും പൊലീസും ചേർന്ന് തടഞ്ഞിട്ട പടുകൂറ്റൻ ട്രെയ്ലർ 2 ദിവസത്തിലേറെയായി നടുറോഡിൽ; ഗതാഗതം ഒറ്റവരിയായി

ഒറ്റപ്പാലം ∙ ഈസ്റ്റ് ഒറ്റപ്പാലത്തെ പാലം കടക്കാൻ അനുവദിക്കാതെ മോട്ടർ വാഹന വകുപ്പും (എംവിഡി) പൊലീസും ചേർന്നു തടഞ്ഞിട്ട പടുകൂറ്റൻ ട്രെയ്ലർ 2 ദിവസത്തിലേറെയായി നിൽക്കുന്നതു നടുറോഡിൽ. ഒതുക്കി നിർത്താൻ പോലും കഴിയാത്തത്ര വലിയ ട്രെയ്ലർ മായന്നൂർപ്പാലം അപ്രോച്ച് റോഡിന്റെ മധ്യഭാഗത്തു ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചാണു നിൽക്കുന്നത്. ഈ ഭാഗത്ത് ഇപ്പോൾ ഒറ്റവരി ഗതാഗതമാണ്.കാലപ്പഴക്കമുള്ള പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്കയ്ക്കിടെയാണു ഞായറാഴ്ച വൈകിട്ടു മോട്ടർ വാഹന വകുപ്പും പൊലീസും ഇടപെട്ടു ട്രെയ്ലർ തടഞ്ഞത്. 30 മീറ്ററോളം നീളവും അതിനൊത്ത വീതിയുമുള്ള ട്രെയ്ലർ പിന്നീടു മായന്നൂർപ്പാലം അപ്രോച്ച് റോഡിലേക്കു കയറ്റി നിർത്തുകയായിരുന്നു. മായന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണിത്. ഇതുവഴി പോകേണ്ട വാഹനങ്ങൾ നിലവിൽ തെറ്റായ ദിശയിലൂടെ കടന്നുപോകേണ്ട അവസ്ഥയിലാണ്. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറുകൾ കയറ്റി ഷൊർണൂരിലേക്കു പോകുകയായിരുന്നു ഹരിയാന റജിസ്ട്രേഷനിലുള്ള പുള്ളർ ട്രെയ്ലർ.പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുന്നുണ്ടെങ്കിലും ഇരുപാലങ്ങളും ഇരുഭാഗത്തേക്കുള്ള ഗതാഗതത്തിനായി വിനിയോഗിക്കാനിരിക്കെയാണു ‘ബലക്ഷയച്ചർച്ച.’ ട്രെയ്ലർ പോയതുകൊണ്ടു പാലത്തിനു കേടുപാടു സംഭവിക്കാൻ സാധ്യതയില്ലെന്നും ഒരുപക്ഷേ നിലവിലെ പാലത്തിനു തൊട്ടടുത്തു നിർമിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിക്കു കേടുപാടുണ്ടായേക്കാമെന്നുമാണു പിഡബ്ല്യുഡിയുടെ വിശദീകരണം. പാലക്കാട് ഭാഗത്തുനിന്നുള്ള കൂറ്റൻ വാഹനം മറ്റേതുവഴി പോകുമെന്ന പ്രസക്തമായ ചോദ്യത്തിനും ആർക്കും ഉത്തരമില്ല.
Fashion ⏭️




