NEWS

‘പില്ലുജിയോട് ബഹുമാനം, ദത്തെടുക്കൂ, സ്നേഹിക്കൂ’; കൂട്ടയോട്ടത്തിനൊപ്പം തെരുവുനായ ഓടിയത് 38 കിലോമീറ്ററിലധികം – വിഡിയോ


ലക്നൗ ∙ കാൺപുരിലെ ഒരു കൂട്ടം ഓട്ടക്കാർക്കൊപ്പം ചേർന്ന് കിലോമീറ്ററുകളോളം ഓടി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പില്ലു എന്ന് പേരിട്ട ഒരു തെരുവുനായ. മണിക്കൂറുകളോളം തളരാതെ ഓടിയ പില്ലു, കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് 38 കിലോമീറ്ററിലധികം ദൂരമാണ് പൂർത്തിയാക്കിയത്. നായയുടെ അസാധ്യമായ സ്റ്റാമിനയും ദൃഢനിശ്ചയവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.പ്രഥം സിങ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് പില്ലുവിന്റെ അപൂർവ ഓട്ടത്തിന്റെ വിഡിയോ പങ്കുവച്ചത്. വിഖ്യാത അമേരിക്കൻ അൾട്രാമാരത്തൺ റണ്ണർ ഡേവിഡ് ഗോഗിൻസിന്റെ പേര് ചേർത്ത് ഓട്ടക്കാർ ഈ നായയെ ‘പില്ലു ഗോഗിൻസ്’ എന്നാണ് വിളിച്ചത്. ഓട്ടത്തിന്റെ ഓരോ ഘട്ടവും പ്രഥം സിങ് വിഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഒപ്പമുള്ള നായ 8 കിലോമീറ്ററും, പിന്നീട് 16, 18 കിലോമീറ്ററുകളും പിന്നിടുമ്പോഴും ഒപ്പമുണ്ടായിരുന്നു. 21 കിലോമീറ്റർ പിന്നിട്ടപ്പോൾ ഓട്ടക്കാർക്കൊപ്പം പില്ലുവും വിശ്രമിക്കാനിരുന്നു. യാത്രയ്ക്കിടയിൽ വെള്ളം കുടിക്കുന്ന പില്ലുവിന് ഓട്ടക്കാർ പ്രോത്സാഹനം നൽകുന്നതും വിഡിയോയിലുണ്ട്. 


Fashion ⏭️

Back to top button