NEWS

വരുമാനം ഇരട്ടിയാക്കാൻ കെഎസ്ആർടിസിയുടെ ‘പ്ലാൻ ബി’, പുതിയ സർവീസിന് തുടക്കം, ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കമായി. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ഒരു ടൺ മൊബൈൽ ഫോണുകൾ ആദ്യ സർവീസായി കെഎസ്ആർടിസി വാടകക്ക് എടുത്ത ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചു. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ലീറ്റായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി പറഞ്ഞു.

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി യാത്രക്കാർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിൽ വിനിയോഗിക്കും. വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകളാണ് നിലവിൽ കാർഗോ സംവിധാനത്തിനായി ഉപയോഗിക്കുന്നത്. സ്കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് ഈ സേവനത്തിനായി കെഎസ്ആർടിസിക്ക് പിന്തുണ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫിസർ പി.കെ അജു, സ്കോർപ്പിയോൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർമാരായ ഡി. വിജയൻ, അഭിലാഷ് വിജയൻ, അസറ്റ് ഇൻഫ്രാസ്ട്രെക്ചർ ഹെഡ് കെ.എസ് ഷിബുകുമാർ, ലീഡ് കാർഗോ ഹെഡ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.

English Summary

Kerala State Road Transport Corporation (KSRTC) officially launched its cargo service, flagged off by Transport Minister C.P. John at Thiruvananthapuram. The inaugural service transported one ton of mobile phones from Thiruvananthapuram to Aluva. This initiative aims to boost KSRTC’s non-ticket revenue and strengthen its logistics network, with plans for gradual expansion starting with five trucks as part of a government program.

Read News ⏭️

Back to top button