NEWS
‘രാഹുൽ ഗാന്ധി രണ്ടും കൽപിച്ച്, ഏതറ്റം വരെയും പോകും, മുദ്രാവാക്യം പറഞ്ഞുതന്നത് പ്രിയങ്ക’: ഹൈബി ഈഡൻ

മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം എംപിമാർ ചൊവ്വാഴ്ച നടത്തിയ മാർച്ചിന്റെ സജീവമുഖങ്ങളിലൊന്നായിരുന്നു ഹൈബി ഈഡൻ എംപി. പ്രതിഷേധിച്ച എംപിമാരെ കസ്റ്റഡിയിലെടുത്തു സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ച പൊലീസിന്റെ വാഹനം വഴിയിൽ കിടന്നു തടഞ്ഞതും ഹൈബി അടക്കമുള്ളവരായിരുന്നു. രാജ്യതലസ്ഥാനത്തെ ഒരു പകൽമുഴുവൻ പിടിച്ചുകുലുക്കിയ, രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച സമരത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഹൈബി ഈഡൻ.∙ മാർച്ചിനെപ്പറ്റി അറിയിപ്പു കിട്ടിയത് എപ്പോഴാണ്? ഒരുക്കങ്ങൾ എങ്ങനെയായിരുന്നു? ഇത്രയും വലിയ ഒരു പ്രതിഷേധമാണ് നടക്കുന്നതെന്ന് എംപിമാർക്ക് അറിയാമായിരുന്നോ ? തിരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തു പ്രതിഷേധമുണ്ടാകുമെന്നും അതിനായി അഞ്ചിന് വൈകിട്ട് ഡൽഹിയിൽ എത്തണമെന്നും ആറാം തീയതി സമരത്തിൽ പങ്കെടുക്കണമെന്നുമായിരുന്നു ഞങ്ങൾക്കു ലഭിച്ച അറിയിപ്പ്. കോൺഗ്രസ് മാത്രമല്ല, ഇന്ത്യ സഖ്യത്തിലെ എംപിമാരെ മുഴുവൻ ഉൾപ്പെടുത്തിയാണ് സമരം നിശ്ചയിച്ചത്. കോൺഗ്രസ് ആയിരുന്നെങ്കിൽ സമരസ്ഥലങ്ങളും പദ്ധതികളുമെല്ലാം നമുക്ക് അപ്രതീക്ഷിതമായി തീരുമാനിക്കാമായിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം ഉണ്ടായിരുന്നതിനാൽ രാവിലെ പത്തരയ്ക്ക്, പഴയ പാർലമെന്ററിന്റെ മുൻവശത്തുനിന്ന് പ്രകടനം ആരംഭിക്കുമെന്ന് വ്യക്തമായ സന്ദേശം ഉണ്ടായിരുന്നു. ∙ രാഹുൽ ഗാന്ധി ആകാശവാണി വളപ്പിലെ ആൽമരച്ചുവട്ടിലിരുന്നു സമരം ചെയ്തതും ബാരിക്കേഡിന്റെ മുകളിൽ കയറിയതുമെല്ലാം പെട്ടെന്ന് സംഭവിച്ചതാണോ അതോ അങ്ങനെയൊരു ആസൂത്രണം ഉണ്ടായിരുന്നോ ? തിരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്ത് എത്തുന്നതിനു മുൻപു ബാരിക്കേഡ് വച്ച് ഞങ്ങളെ ബ്ലോക്ക് ചെയ്യുന്നതാണു പതിവ്. അതിനു മുന്നിൽ ഇരുന്ന് സമരം ചെയ്ത് പോകും. എല്ലാവരും ബാരിക്കേഡിനു മുന്നിൽ ആ പൊരിവെയിലത്ത് നിൽക്കുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാവരെയും ഇരുത്തി പിന്നിലേക്കു വന്നു. ഞങ്ങൾ മാറിമാറി മുദ്രാവാക്യം വിളിച്ചു. പെട്ടെന്ന് രാഹുൽ ഗാന്ധി പിന്നിൽനിന്ന് ബാരിക്കേഡിന്റെ മുന്നിലേക്ക് നീങ്ങി. ബാരിക്കേഡിനു മുന്നിൽ സമാജ്‌വാദി പാർട്ടിയുടെ ഒരു എംപി നിൽപ്പുണ്ടായിരുന്നു. രാഹുൽ ഗാന്ധി ഈ ബാരിക്കേഡിനു മുകളിൽ കയറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. പെട്ടെന്നായിരുന്നു ആ നീക്കം. അദ്ദേഹത്തിന്റെ പ്രസൻസ് ഓഫ് മൈൻഡ് ആണത്. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ്, ഗാന്ധി കുടുംബത്തിലെ അംഗം ബാരിക്കേഡിനു മുകളിൽ കയറി നിൽക്കുന്നത്, ഒരു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അങ്ങനെ ചെയ്യുന്നത് നൽകുന്ന സന്ദേശം ചെറുതല്ല. എല്ലാ സമരപരിപാടികൾക്കും ത്രിവർണ പതാകയുമായി വരുന്ന ഒരാളുണ്ട്. അദ്ദേഹത്തിന്റെ പക്കൽനിന്ന് രാഹുൽ ഗാന്ധി ആ കൊടി വാങ്ങി ബാരിക്കേഡിനു മുകളിൽ നിന്ന് വീശി. അദ്ദേഹം ആ സമരത്തിന്റെ പ്രതീകമായി മാറുകയായിരുന്നു അവിടെ. അതിനാൽ ഞങ്ങളാരും ബാരിക്കേഡിനു മുകളിലേക്ക് കയറിയില്ല.
Fashion ⏭️




