NEWS
എണ്ണയ്ക്ക് തീയിട്ട് ഇറാനും ഹൂതികളും, ഡീസലിൽ ട്രംപിന്റെ ‘കറക്കുവിദ്യ’; പലിശ കൂടുമോ? ആർബിഐ നിർണായക പ്രഖ്യാപനം ഉടൻ

രാജ്യാന്തര തലത്തിൽ എണ്ണവിതരണത്തിന് ഭീഷണിയായി ഇറാനും ഹൂതികളും. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയ്ക്കു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിനു പിന്നാലെ ക്രൂഡോയിൽ വില ഉയർന്നു. ഈസ്റ്റ് – വെസ്റ്റ് പൈപ്പ് ലൈൻ വഴി പ്രതിദിനം 5.8 ദശലക്ഷം ബാരൽ ക്രൂഡോയിൽ സൗദി അറേബ്യ പമ്പ് ചെയ്യുന്നുണ്ടെങ്കിലും തുടർ തടസങ്ങളുണ്ടാകുമോയെന്നാണ് നിക്ഷേപകരുടെ ആശങ്ക. ഹോർമുസിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 20ലധികം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന വാർത്തകളും വിപണിയിൽ നിർണായകമായി. എണ്ണവില കുറഞ്ഞതു മുതലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറിയ ഓഹരി വിപണിക്കും ഇത് ഭീഷണിയാണ്. ഇരട്ട പ്രഹരമായി ഇന്ന് റിസർവ് ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് വർധനയുണ്ടാകുമെന്നും നിക്ഷേപകർക്ക് ആശങ്ക. വരുന്നു പലിശഭാരം? വിപണികൾക്ക് അതിനിർണായകമായ പണനയ തീരുമാനം ഇന്ന് 10 മണിക്ക് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും. 0.25 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിലെ പണപ്പെരുപ്പം പിടിച്ചു നിർത്താൻ നിരക്കു വർധന ആവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പ്രധാന കേന്ദ്രബാങ്കുകൾ നിരക്ക് ഉയർത്തിയതും റിസർവ് ബാങ്ക് കണക്കിലെടുത്തേക്കും. എന്നാൽ മറ്റു രാജ്യങ്ങളുടെതു പോലെ ഇന്ത്യയിൽ പണപ്പെരുപ്പം പിടിവിട്ടിട്ടില്ലെന്നും അതിനാൽ നിരക്ക് വർധന വേണ്ടെന്നു വാദിക്കുന്നവരുമുണ്ട്. കഴിഞ്ഞ നാലു തവണയും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. അതിനിടെ ഹോർമുസിലൂടെ പോകുന്ന എണ്ണക്കപ്പലുകളെ ആക്രമിക്കുന്നത് ഇറാൻ വർധിപ്പിച്ചതായി യുഎസ് കണക്ക്. ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്ററിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരുമാസത്തിനിടെ ഹോർമുസിനും പരിസരത്തും വച്ച് 20 വാണിജ്യ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. മൂന്നു മാസത്തിനിടെ 100 കപ്പലുകളോളം ഇറാൻ ആക്രമിച്ചതായും ഇവർ പറയുന്നു. ഇത് രാജ്യാന്തര എണ്ണവിതരണത്തിന് ഭീഷണിയാകുന്ന തരത്തിൽ വളർന്നിട്ടുണ്ട്. നിക്ഷേപകരും ഇക്കാര്യത്തിൽ ആശങ്കയിലാണ്. ഹോർമുസിലൂടെയുള്ള കപ്പൽ നീക്കം പുനസ്ഥാപിക്കാൻ ഇറാനുമായി ഔദ്യോഗിക കരാറില്ലാത്തതും ഭീഷണിയാണ്. ഇതോടെ ഏഷ്യയിലേക്കുള്ള എണ്ണവിതരണത്തിന് കൂടുതൽ തടസപ്പെടാൻ സാധ്യതയുണ്ടെന്നും ആശങ്ക. വിതരണ തടസമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കയറ്റത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബാരലിന് 100 ഡോളറിൽ താഴെയായിരുന്ന ബ്രെന്റ് ക്രൂഡോയിൽ വീണ്ടും 101 ഡോളറിനു മുകളിലേക്ക് കയറി. ഡബ്ല്യുടിഐ 90 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡോയിൽ 106 ഡോളറിലുമാണ് വ്യാപാരം. ഡീസലിൽ ട്രംപിന്റെ ‘കറക്കുവിദ്യ’ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഎസിൽ ഡീസൽ വില ക്രമാതീതമായി വർധിച്ചത് നിയന്ത്രിക്കാൻ നിർണായക ഇടപെടലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വില കുറഞ്ഞ ഡീസൽ രാജ്യത്തെ പെട്രോൾ പമ്പുകൾ വഴി വിതരണം ചെയ്യാനാണ് നീക്കം. ഇത്തരം ഡീസലിന് നികുതി ഇല്ലാത്തതിനാൽ വാഹന ഉടമകൾക്ക് വലിയ ആശ്വാസമാകും. നേരത്തെ പ്രതിസന്ധി നേരിടാൻ അമേരിക്കയിൽ നിന്നുള്ള ഡീസൽ കയറ്റുമതി നിരോധിക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ ഡീസൽ വിലയെ ബാധിക്കുന്ന നീക്കമായിരുന്നു ഇത്. പുതിയ തീരുമാനത്തോടെ ഡീസൽ കയറ്റുമതി വിലക്ക് ഒഴിവായി. വിപണിയിലെന്താ? ഇന്നലെ തുടർച്ചയായ രണ്ടാമത്തെ ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലായിരുന്നു.ബാങ്കിങ് ഓഹരികളാണ് മുന്നേറ്റത്തിനു കരുത്തായത്. ഇരുസൂചികകളും ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. സെൻസെക്സ് 685.34 പോയിന്റ് മുന്നേറി 73,067.81ലാണ് ക്ലോസ് ചെയ്തത്. 220 പോയിന്റ് നേട്ടത്തിൽ 22,776.10 എന്ന നിലയിൽ നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയിൽ നിന്ന് 473 ലക്ഷം കോടി രൂപയായി വർധിച്ചു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ പോക്കറ്റിൽ അധികമായെത്തിയത് 4.5 ലക്ഷം കോടി രൂപ. രണ്ടു ദിവസത്തിനുള്ളിൽ 6.7 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായെന്നും കണക്ക്. രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞതും അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് റെക്കോർഡ് ഉയരത്തിൽ നിന്നു താഴെ ഇറങ്ങിയതുമാണ് വിപണിക്ക് കരുത്തായത്. ബാങ്കിങ്, റിലയൻസ് ഓഹരികളിൽ വലിയ വാങ്ങൽ നടന്നതും സൂചികകളെ മുന്നോട്ടാക്കി. ഇന്ത്യൻ ഓഹരി വിപണിയുടെ ആശങ്ക സൂചിക (വിക്സ്) 7.9 ശതമാനത്തിലെത്തിയതും നിർണായകമായി. ആർബിഐയുടെ പണനയ തീരുമാനമാകും ഇനി വിപണിയുടെ ഗതി നിർണയിക്കുക. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുറയുന്നത് ഭീഷണിയാണ്. ഇന്നലെ 27 പൈസ കുറഞ്ഞ് 96.56ലാണ് ഇന്ത്യൻ രൂപ ക്ലോസ് ചെയ്തത്. ഇന്ന് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെയോ കാര്യമായ നേട്ടമില്ലാതെയോ വ്യാപാരം തുടങ്ങാനാണ് സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം നിലവിൽ നെഗറ്റീവാണ്. അമേരിക്കൻ വിപണിയിലെ മുന്നേറ്റം വിപണിക്ക് പിന്തുണ നൽകേണ്ടതാണ്. എന്നാൽ ഇന്ന് പുറത്തു വരുന്ന ആർബിഐ പണനയ യോഗ തീരുമാനത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തുന്നതാണ് കാരണം. കുതിപ്പ് തുടർന്ന് യുഎസ് ഇന്നലെയും യുഎസ് ഓഹരി വിപണി കാര്യമായ മുന്നേറ്റമുണ്ടാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.58% നേട്ടമുണ്ടാക്കിയ എസ് ആൻഡ് പി സൂചിക പുതിയ റെക്കോർഡിലെത്തി. ഡോ സൂചിക 0.49 ശതമാനവും നാസ്ഡാക് 0.45 ശതമാനവും മുന്നേറി. സെമിക്കണ്ടക്ടർ ചിപ്പുകൾ നിർമിക്കുന്ന കമ്പനികളുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മികച്ച വരുമാനമുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് മാർവൽ ടെക്നോളജീസ് മികച്ച നേട്ടമുണ്ടാക്കി. ക്രൂഡോയിൽ വില കുറഞ്ഞതോടെ യുഎസ് കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് താഴേക്ക് ഇറങ്ങിയതും നിർണായകമായി. എന്നാൽ യുഎസ് കടപത്രങ്ങളുടെ ഡിമാൻഡ് കുറയുന്നതിൽ നിക്ഷേപകർ ആശങ്കയിലാണ്. ഇന്ന് ഏഷ്യൻ വിപണികൾ ഭിന്നദിശയിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക ലാഭത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ഇടിവിലേക്ക് മാറി. ദക്ഷിണ കൊറിൻ കോസ്പി സൂചികയും സമാനമായ രീതിയിലാണ്. ഹോങ്കോങ് സൂചികയും നഷ്ടത്തിലാണ്.
Fashion ⏭️




