NEWS
‘കാശുണ്ടാക്കാനൊന്നുമല്ല സാറേ… ഇതൊക്കെ ഒരു രസല്ലേ…’: വൈബ് ഉള്ള കള്ളനാ..! മോഷണത്തിൽ പുതിയ ട്രെൻഡുകൾ

കോട്ടയം ∙ ‘കാശുണ്ടാക്കാനൊന്നുമല്ല സാറേ… ഇതൊക്കെ ഒരു രസല്ലേ…’ – വളരെച്ചെറിയ മോഷണങ്ങൾ മാത്രം നടത്തുന്ന ഒരു വിരുതൻ പൊലീസ് പിടിയിലായപ്പോൾ മോഷണ കാരണം വെളിപ്പെടുത്തിയതാണ്. സ്വർണം, വാഹനങ്ങൾ, പണം… പരമ്പരാഗത മോഷണ മുതലുകൾ വിട്ട് ചെറിയ, വൈവിധ്യമുള്ള മാർക്കറ്റിലേക്ക് ഒതുങ്ങുകയാണ് പുത്തൻ തലമുറ മോഷ്ടാക്കൾ. വലിയ പണമൊന്നും വേണ്ട. മോഷണമുതൽ പെട്ടെന്ന് വിറ്റഴിക്കാൻ പറ്റണം. അത്യാവശ്യം കാര്യങ്ങൾ നടന്നുപോകണം. സമാധാനത്തോടെ ജീവിക്കണം. മോഷണമൂല്യം ചെറുതായതിനാൽ പരാതി നൽകാൻ ഉടമകൾ മടിക്കും. അതാണ് മോഷണത്തിന്റെ പുത്തൻ തന്ത്രം. ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി മോഷണങ്ങൾ നടത്തുന്നവരുണ്ട്. 17– 25 വരെ പ്രായമുള്ളവരാണ് ഇത്തരം മോഷ്ടാക്കളിലേറെയുമെന്ന് പൊലീസ് പറയുന്നു.നോട്ടം നേർച്ചപ്പെട്ടിയിൽ; പ്രിയം ചില്ലറകളോട് മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാത്ത മോഷ്ടാവ്. ആരാധനാലയങ്ങളിലെ ചില്ലറത്തുട്ടുകളോടാണ് പ്രിയം. ട്രെയിനിലാണ് സഞ്ചാരം. മോഷണം നടത്തിയാൽ അന്നുതന്നെ അടുത്ത സ്ഥലത്തേക്ക് രക്ഷപ്പെടും. 2000 രൂപയിൽ താഴെയുള്ള മോഷണങ്ങളാണ് കൂടുതലും. നേർച്ചപ്പെട്ടികൾ മാത്രമേ കുത്തിപ്പൊളിച്ച് മോഷ്ടിക്കൂ. ഇടവിട്ടുള്ള മാസങ്ങളിൽ ഇയാളെത്തി മോഷണം നടത്തി മടങ്ങും. ഏതുവിധേനയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Fashion ⏭️




