NEWS
അംഗീകാരമില്ല: ‘ഫോം 6’ലെ മാറ്റം കമ്മിഷന്റെ വാദം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി ∙ വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ‘ഫോം 6’ അപേക്ഷയിൽ വരുത്തിയ മാറ്റങ്ങൾ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും മാറ്റംവരുത്തിയതാരെന്നു പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫോം 6ന് ഒപ്പം അധിക സത്യവാങ്മൂലം വേണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിബന്ധന വിവാദമായിരുന്നു. അതു സുപ്രീംകോടതി ശരിവച്ചതാണെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ തുടരെ ന്യായീകരിക്കുമ്പോഴാണ് ഇക്കാര്യത്തിൽ കോടതി വ്യക്തത വരുത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനങ്ങളിൽ നിയമലംഘനമുണ്ടായെങ്കിൽ റദ്ദാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. എതിർകക്ഷികളായ കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ, ഡപ്യൂട്ടി കമ്മിഷണർ, ഐടി വിഭാഗം ഡയറക്ടർ ജനറൽ എന്നിവർക്കു നോട്ടിസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. 10 ദിവസത്തിനകം മറുപടി നൽകണം.
Fashion ⏭️




