NEWS
തടികൊടുക്കുന്നുണ്ടോ എന്ന് ചോദിച്ച് കച്ചവടക്കാർ എത്തി; ചുരുളഴിഞ്ഞതു മരംമുറിക്കൊള്ള ! സംഭവം ഇങ്ങനെ…

തിരുവല്ല ∙ തടികൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു കച്ചവടക്കാർ എത്തിയപ്പോഴാണ് തനിക്കു കൂടി അവകാശപ്പെട്ട വസ്തുവിലെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയതായി വർഗീസ് സി.ഫിലിപ്പ്കുട്ടി അറിയുന്നത്. ടച്ചിങ് വെട്ടിന്റെ പേരിലാണ് കെഎസ്ഇബി ചുമതലപ്പെടുത്തിയ കരാറുകാർ വ്യാപകമായി മരങ്ങൾ മുറിച്ചുമാറ്റിയത്. ഇത്തരത്തിൽ മരങ്ങൾ മുറിച്ചുമാറ്റിയ വസ്തുവിന്റെ വശത്തു കെഎസ്ഇബിയുടെ ലൈനുകൾ കടന്നുപോകുന്നില്ല. എതിർവശത്താണ് ലൈൻ ഉള്ളത്. എന്നിട്ടും അതിർത്തിയിൽനിന്നു നിർദിഷ്ട 2.6 മീറ്ററിനു പകരം, 20 മീറ്ററോളം ഭാഗത്തെ മരങ്ങൾ ചുവടോടെ വെട്ടിയിട്ടു.7 സഹോദരന്മാരുടെ പേരിലുള്ള വസ്തു, നിലവിൽ കേസിൽപെട്ടു കിടക്കുന്നതാണ്. ഇവിടെ മരങ്ങളുടെ എണ്ണം അടക്കം കോടതി ഉത്തരവിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം നഷ്ടമായെന്നും, വസ്തുവിലേക്കു കയറുന്ന ഭാഗത്തു മരം വെട്ടിയിട്ടിരിക്കുകയാണെന്നു വർഗീസ് പറയുന്നു. തിരുവല്ല നഗരസഭ ആമല്ലൂർ ഭാഗത്തെ വസ്തു, കെഎസ്ഇബി തോട്ടഭാഗം സെക്‌ഷന്റെ പരിധിയിലാണ്. കായ്ക്കുന്ന 2 തെങ്ങ്, മുള്ള് തമ്പകം, 3 പ്ലാവ്, തേക്ക്, വാളൻപുളി, രക്തചന്ദനം, വലിയ റബർ മരം എന്നിവയാണു പ്രധാനമായും മുറിച്ചുമാറ്റിയതെന്നു കെഎസ്ഇബി ചീഫ് എൻജിനീയർക്കു നൽകിയ പരാതിയിൽ പറയുന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വർഗീസ് പറഞ്ഞു.
Fashion ⏭️




