തദ്ദേശ വകുപ്പിൽ സ്ഥലംമാറ്റ ‘കച്ചവടം’

താളം തെറ്റി പദ്ധതി നിർവഹണം
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ ‘കച്ചവടം” പൊടിപൊടിക്കുന്നതായി ആക്ഷേപം. ഏജന്റുമാരുടേയും, സർവ്വീസ് സംഘടനകളിലെ സ്വാധീനക്കാരുടേയും നേതൃത്വത്തിൽ നടക്കുന്നത് വമ്പൻ ഇടപാടുകളാണ്. ഇഷ്ട സ്ഥാനങ്ങളിൽ,ഇഷ്ട സ്ഥലങ്ങളിലെത്തിക്കാമെന്ന ഉറപ്പിലാണ് ഇടപാടുകൾ. സ്കൂൾ അവധിക്കാലത്ത് ഓൺലൈനായി നടത്തിയിരുന്ന പൊതു സ്ഥലംമാറ്റ ചട്ടങ്ങൾ മറി കടന്നാണിത്.
ബ്ളോക്ക് പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്നവരെ ഗ്രാമപഞ്ചായത്തിലും ,അവിടയുണ്ടായിരുന്നവരെ ജില്ലാ പഞ്ചായത്തിലേക്കുമൊക്കെയാണ് സ്ഥലം മാറ്റുന്നത്. ഇതുമൂലം കെട്ടിട നിർമ്മാണ പെർമിറ്റ്, മണൽ കടത്ത് അനുമതി, പഞ്ചായത്ത് ആസൂത്രണ പദ്ധതികളുടെ നിർവഹണം, കരാർ നൽകൽ തുടങ്ങിയവയെല്ലാം താളം തെറ്റി.
തദ്ദേശ വകുപ്പിൽ മൊത്തം 22000 ജീവനക്കാരാണുള്ളത്. ആറായിരത്തോളം ജീവനക്കാരെയാണ് രണ്ടുമാസത്തിനുള്ളിൽ സ്ഥലം മാറ്റിയത്.
ചട്ട പ്രകാരം ജീവനക്കാരെ മൂന്ന് വർഷത്തിലൊരിക്കലാണ് സ്ഥലം മാറ്റുക. ഇടുക്കി,വയനാട് പോലുള്ള മലയോര മേഖലകളിലേക്കാണെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ മാറ്റം ലഭിക്കും.പൊതു സ്ഥലം മാറ്റത്തിന് പ്രവർത്തന പരിചയവും സീനിയോറിറ്റിയും കണക്കിലെടുക്കും. മാത്രമല്ല ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, മിശ്രവിവാഹിതർ,
തുടങ്ങിയവരെ പ്രത്യേകം പരിഗണിക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം സംസ്ഥാനത്ത് ഈ വർഷം പൊതുസ്ഥലംമാറ്റം നടത്താനായിട്ടില്ല.
സ്കൂൾ അവധിക്കാലത്ത് നടത്തിയിരുന്ന സ്ഥലം മാറ്റം ഓണപ്പരീക്ഷ കഴിഞ്ഞ് നടത്തുന്നതോടെ ജീവനക്കാരും കുടുംബവും പ്രതിസന്ധിയിലാകും. സ്ഥലം മാറ്റം ഒഴിവാക്കാനാവും പിന്നെ ശ്രമം. ഈ സാഹചര്യം മുതലെടുത്താണ് കച്ചവടം. സ്ഥലം മാറ്റം കിട്ടിയാലും തത്കാലം പോകേണ്ടി വരില്ലെന്ന വാഗ്ദാനവുമായി ഏജന്റുമാരെത്തും. ഇടപാട് ഉറപ്പിച്ചാൽ, സ്ഥലം മാറ്റപ്പെട്ടവർ വീണ്ടും പഴയ ലാവണത്തിലേക്ക്. അല്ലാത്ത പക്ഷം സൗകര്യപ്രദമായ മറ്റ് സ്ഥലത്തേക്ക്. അതിന് പ്രത്യേക ഉത്തരവിറക്കും.




