NEWS

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; 10 ദിവസത്തിനകം പുതിയ ട്രെയിൻ സർവീസ് ആരംഭിക്കും


കോട്ടയം∙ വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചു. പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്. ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.ഈ പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂർ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വേണാട് എക്സ്പ്രസിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ഈ സർവീസ് നിർണായകമാകും.


Fashion ⏭️

Back to top button