NEWS
സുരേഷ് ബാബുവിനെ മാറ്റി സിപിഎം, ശ്രീലേഖ ആശുപത്രിയിൽ – ഇന്നത്തെ പ്രധാന വാർത്തകൾ

വിശാല ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റിയതാണ് ഇന്നത്തെ പ്രധാന വാർത്ത. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധു ക്രൂരമർദനം ഏൽക്കേണ്ടി വന്നതും ഇന്ന് കേരളം ചർച്ച ചെയ്ത വാർത്തയായി. ആർ.ശ്രീലേഖ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന വാർത്ത ശരിയല്ലെന്നും അവർ ആശുപത്രിയിലാണെന്നും അറിയിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതും വാർത്തയായി. ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിക്കുകയും കോക്ക്പിറ്റിൽ വച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തിപരുക്കേൽപിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്തുവന്നു. യുക്രെയ്നിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാർമ പ്ലാന്റിനുനേരെ റഷ്യയുടെ ഡ്രോൺ ആക്രമണവും ഇന്ന് ലോകവാർത്തകളുടെ പട്ടികയിൽ ഇടംപിടിച്ചു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റി. വി.ചെന്താമരാക്ഷനെ പുതിയ സെക്രട്ടറിയായി നിയമിച്ചു. വിശാല ജില്ലാക്കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനയിലെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എട്ടുപേരെ ജില്ലാക്കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കി.ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിക്കുകയും കോക്ക്പിറ്റിൽ വച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തിപരുക്കേൽപിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയുടെ (29) മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
Fashion ⏭️




