NEWS
തുടർഭരണത്തിൽ ജനപിന്തുണ കുറയുന്നുവെന്ന് കുറിപ്പിൽ, പ്രസംഗത്തിൽ ആ ഭാഗം ‘വെട്ടി’ എം.വി.ഗോവിന്ദൻ

പാലക്കാട് ∙ തുടർഭരണത്തിൽ ജനപിന്തുണ കുറയുന്നുവെന്ന ‘രാഷ്ട്രീയ തിരിച്ചറിവ്’ പ്രസംഗിക്കാനുള്ള കുറിപ്പിൽ ചേർത്തെങ്കിലും പാലക്കാട്ടെ വിശാല ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ആ ഭാഗം ‘വെട്ടി’ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തുടർച്ചയായി ഭരണത്തിൽ വരുമ്പോൾ ജനപിന്തുണ കുറയുന്നുവെന്നും വർഗബഹുജന സംഘടനകൾ ദുർബലമാകുന്നുവെന്നും വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കാൻ നോട്ടുപുസ്തകത്തിൽ അദ്ദേഹം തയാറാക്കിയ കുറിപ്പിൽ ഉണ്ടായിരുന്നു. ‘വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും പ്രത്യയശാസ്ത്ര അവബോധവും സംഘടനാപരമായ കരുത്തും ഉൾപ്പെടുത്തിക്കൊണ്ടേ ഇതു പരിഹരിക്കാൻ സാധിക്കുകയുള്ളൂ. അതിനുപകരിക്കുന്ന ചർച്ചകളും തീരുമാനങ്ങളുമാണ് ഇത്തരം സമ്മേളനംകൊണ്ട് ഉദ്ദേശിക്കുന്നത്’ എന്നാണു കുറിച്ചിരുന്നത്. പക്ഷേ, ഈ ഭാഗം പ്രവർത്തകരും അനുഭാവികളും മാധ്യമങ്ങളും ഉൾപ്പെടുന്ന ഉദ്ഘാടന വേളയിലെ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കി. എന്നാൽ, യോഗത്തിലെ പ്രതിനിധികളുമായുള്ള ആശയവിനിമയത്തിൽ ഇത് ഉൾപ്പെടുത്തി.
Fashion ⏭️




