NEWS
വാട്സാപ് ഉള്ളവർ സൂക്ഷിക്കുക..! ഈ വഴിയേ പണം ചോർത്തും; പുതിയ മാർഗങ്ങളുമായി തട്ടിപ്പുസംഘം

കൽപറ്റ ∙ സാധാരണക്കാരിൽനിന്നു പണം തട്ടുന്നതിന് വയനാട് കേന്ദ്രീകരിച്ചു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തട്ടിപ്പുസംഘം. ‘റിയ മണി ഹെൽപ് എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ആളുകളുടെ അറിവില്ലാതെയാണു തട്ടിപ്പ് സംഘം ഗ്രൂപ്പിലേക്ക് ചേർക്കുന്നത്. ഇതിനുശേഷം പണം നേടാനായി ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് സന്ദേശം ഗ്രൂപ്പിലേക്ക് അയയ്ക്കും. 5000 രൂപ കൊടുത്താൽ 15 മിനിറ്റിനുള്ളിൽ 18,000 രൂപ ലഭിക്കുമെന്നും 10000 രൂപ കൊടുത്താൽ 45 മിനിറ്റിനുള്ളിൽ 30,000 രൂപ ലഭിക്കുമെന്നും കാണിച്ചുള്ള സന്ദേശങ്ങളാണ് അയയ്ക്കുന്നത്. അങ്ങനെ 90,000 രൂപ നൽകിയാൽ 4 ലക്ഷം രൂപവരെ തിരികെ ലഭിക്കുമെന്നതരത്തിലുള്ള സന്ദേശങ്ങളാണ് തട്ടിപ്പുസംഘം ഗ്രൂപ്പിലേക്ക് അയയ്ക്കുന്നത്. സെൻഡിങ് ചാർജ് എന്ന പേരിലാണ് പണം വാങ്ങുന്നത്. ആളുകളെ വിശ്വസിപ്പിക്കാനായി ഇങ്ങനെ പണം അയച്ച് പണം വാങ്ങിയ ആളുകളുടെ ഗൂഗിൾ പേ സ്ക്രീൻ ഷോട്ടുകളും ഗ്രൂപ്പിലേക്ക് അയയ്ക്കും. വിശ്വാസം ആർജിച്ചെടുക്കാനായി ചെറിയ തുക ഈടാക്കി പണം അയച്ചുകൊടുക്കുമെങ്കിലും കൂടുതൽ തുക നൽകിയാലുടൻ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കി നമ്പർ ബ്ലോക്ക് ആക്കുകയാണ് സംഘത്തിന്റെ രീതി. പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പരാതി കൊടുക്കുന്നില്ലെന്നാണു വിവരം. നേരത്തെ ടെലിഗ്രാം കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകാർ സജീവമായിരുന്നു. ഓൺലൈൻ ജോലി ചെയ്തു പണം സമ്പാദിക്കാമെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. എന്നാൽ, വാട്സാപ് ഗ്രൂപ്പുകളിലൂടെ നടക്കുന്ന പണംതട്ടിപ്പിൽ ടെലിഗ്രാം ഇടപാടുകളിൽനിന്നു വ്യത്യസ്തമായി വൻതുകയാണ് അടിച്ചെടുക്കുന്നത്.
Fashion ⏭️




