NEWS
തമിഴ്നാട്ടിലെ സ്ത്രീകള്ക്ക് വിജയ്യുടെ ‘വെട്രി പയനം’; പ്രിയദർശിനി പോലെയല്ല ഇവിടത്തെ ഫ്രീ സവാരി

ചെന്നൈ∙ ടിവികെയുടെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കി വിജയ് സർക്കാർ. വനിതകൾക്ക് സർക്കാർ ബസിൽ നിലവിലുണ്ടായിരുന്ന സൗജന്യ യാത്രയെ വിപുലീകരിച്ചുള്ള ‘വെട്രി പയനം’ പദ്ധതിയാണ് വിജയ് സർക്കാർ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ചത്. കോയമ്പേട് ബസ് ടെർമിനസിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ‘വിപുലീകരിച്ച വെട്രി പയനം പദ്ധതി’ ഉദ്ഘാടനം ചെയ്തു. സ്ത്രീ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. പദ്ധതി പ്രകാരം തമിഴ്നാട്ടിലുടനീളം സർവീസ് നടത്തുന്ന സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യമായി യാത്ര ചെയ്യാനാവും. പ്രതിദിനം ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.∙ വിജയുടെ ‘വെട്രി പയനം’ ഇങ്ങനെ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ ഓർഡിനറി ബസുകൾക്ക് പിങ്ക്, നീല നിറങ്ങളാണ്. ചുവപ്പു നിറത്തിലുള്ളവയാണ് ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ് (എൽഎസ്എസ്) സർവീസുകൾ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള, എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന ഓർഡിനറി ബസുകൾക്കു പുറമേ നിരക്കു കൂടുതലുള്ളവയും പ്രധാന സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്നവയുമായ ചുവപ്പു നിറത്തിലുള്ള ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ് (എൽഎസ്എസ്) സർവീസുകളിലും വനിതകൾക്ക് യാത്രാ സൗജന്യം ലഭിക്കുന്നതോടെ സ്ത്രീകളുടെ യാത്രകൾ പുതിയ തലത്തിലേക്ക് ഉയരും.∙ സൗജന്യം 100 കിലോമീറ്റർ വരെ ഗവ. എക്സ്പ്രസ് ബസുകളിൽ 100 കിലോമീറ്റർ വരെയുള്ള യാത്രകൾക്കു സൗജന്യം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ലിമിറ്റഡ് സ്റ്റോപ് സർവീസുകൾ പരമാവധി 40 കിലോമീറ്റർ വരെയും ഡീലക്സ് സർവീസുകൾ പരമാവധി 50 കിലോമീറ്റർ വരെയുമായതിനാൽ ഇവയിൽ എല്ലാ യാത്രകൾക്കും സൗജന്യം ലഭിക്കും. ബസുകൾ മാറിക്കയറി യാത്ര ചെയ്യുന്നവർക്കു പരിധിയില്ലാതെ യാത്ര ചെയ്യാനും സാധിക്കും. ഓർഡിനറി സർവീസുകൾക്കു പുറമേ സംസ്ഥാനത്ത് സർവീസ് നടത്തുന്ന 12,692 ലിമിറ്റഡ് സ്റ്റോപ്, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേക്കു കൂടിയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
Fashion ⏭️




