NEWS

രാജി വയ്ക്കുന്നവർ തന്നെ വീണ്ടും നേതൃത്വത്തിൽ, എനിക്ക് പകരം സരയു; ഇത് കണ്ട് ചിരി വരുന്നു: അൻസിബ ഹസൻ അഭിമുഖം


താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ നടന്ന പുനഃസംഘടനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. ജനറൽ ബോഡിയിൽ വച്ച് പരസ്യമായി രാജിവച്ചു പുറത്തുപോയ ഭാരവാഹികൾ സ്വമേധയാ തിരിച്ചെത്തി ഭരണം നടത്തുന്നതും പുതിയ ആളുകളെ നിയമിക്കുന്നതും ജനാധിപത്യവിരുദ്ധവും സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധവുമാണെന്ന് അൻസിബ ആരോപിച്ചു. രാജിവച്ച ഭാരവാഹികൾ നിയമവിരുദ്ധമായി പദവികളിൽ തുടരുന്നതിനെതിരെ താനും സംഘടനയിലെ മുതിർന്ന അംഗങ്ങളും ചേർന്ന് റജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അൻസിബ വ്യക്തമാക്കി. പരാതിയിൻമേൽ ഒക്ടോബർ 14-ന് ഹിയറിങ് നിശ്ചയിച്ചിരിക്കുകയാണ്. മുൻപ് റജിസ്ട്രാർ അയച്ച നോട്ടീസിന് കമ്മിറ്റിയംഗങ്ങൾ ഹാജരായിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. സംഘടനയിൽ നിലനിൽക്കുന്ന അരാജകത്വം അവസാനിപ്പിക്കാൻ എത്രയും വേഗം ജനറൽ ബോഡി വിളിച്ചുകൂട്ടി ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തേണ്ടതാണെന്നും അല്ലാതെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിൽ രാജിവച്ച അംഗങ്ങൾ തിരിച്ചു കയറിയിരിക്കുകയല്ല വേണ്ടതെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അൻസിബ ഹസൻ പറഞ്ഞു. ‘‘അമ്മ എന്ന് പറയുന്നത് ക്ലബ്ബ് പോലത്തെ ചെറിയ സംഘടനയാണ്, ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ റജിസ്റ്റർ ചെയ്തു എന്നേയുള്ളൂ. ശരിക്കും പറഞ്ഞാൽ ക്ലബ്ബിന്റെ ആക്ടിവിറ്റീസ് അല്ലേ അവിടെ ചെയ്യുന്നത്. ഇവർ രാജിവച്ച് പോയി എന്ന് ജനറൽ ബോഡിയിലാണ് പറഞ്ഞത്. ജനറൽ ബോഡിയാണ് ‘അമ്മ’യുടെ പരമാധികാര സമിതി. അവിടെ പറഞ്ഞ് ഒഴിഞ്ഞുപോയതിനുശേഷം വീണ്ടും ഇവര്‍ അവിടെ കേറിയിരിക്കുകയാണ്, ഞാൻ രാജിവച്ചിട്ടില്ലെന്ന് പറഞ്ഞ് ഇപ്പോൾ അവരത് പുനഃസംഘടനയും നടത്തുന്നു. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ കാണുന്നത്. ഒന്നാമത്തെ കാര്യം ഞാൻ ഇതുവരെ രാജിവച്ച് പോയ ആൾക്കാരൊക്കെ രാജിവച്ച് പോയതേ കണ്ടിട്ടുള്ളൂ. വാർത്താ മാധ്യമങ്ങളുടെ മുന്നിൽ വന്ന് വലിയ പ്രസ്താവനയൊക്കെ നടത്തിയിട്ടല്ലേ പോയത്? അത് നമ്മുടെ ദേശീയ മാധ്യമങ്ങൾക്ക് ഉൾപ്പെടെ വാർത്ത കൊടുത്തിട്ടുണ്ട്.  ഇതിൽ നിന്ന് ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യം ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരല്ലേ ഇങ്ങനെയൊക്കെ ചെയ്യുക എന്നതാണ്.  ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് നമ്മളെ ഭരിക്കുന്നത്. അപ്പോൾ അവിടെയുണ്ടായിരുന്ന ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടവരാണ് ഇപ്പോൾ അവിടെയിരിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ. 12 പേരെങ്ങാനാണ് ഇപ്പോൾ അതിലുള്ളത്. അതിൽ ഈ ആശ അരവിന്ദ് എന്ന് പറഞ്ഞ ചേച്ചി അടുത്തങ്ങോ രാജിവച്ചു എന്നും പറഞ്ഞ് ഒരു വാർത്ത കണ്ടിരുന്നു. അപ്പോൾ അവരും വൈസ് പ്രസിഡന്റ് ആണത്രേ. എന്തായാലും മൊത്തത്തിൽ ഇവർ എല്ലാവരും ഓൾറെഡി രാജിവച്ചവരാണ്.  ഞാൻ രാജിവച്ചതിൽ സരയൂ ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന വാർത്തയും കണ്ടു. എനിക്ക് ചിരി വരുന്ന ഒരു കാര്യം, ഇത് ആര് തിരഞ്ഞെടുത്തു? ഇവർ തന്നെ 12 ആൾക്കാരെ തീരുമാനിക്കുക എന്നത് ഒരു രാജഭരണമല്ലേ? ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആരുടെയെങ്കിലും ഒരാളുടെ കുറവുണ്ടെന്നുണ്ടെങ്കിൽ ആ കമ്മിറ്റിക്ക് തീരുമാനിച്ചിട്ട് പുതിയ ഒരാളെ കൊണ്ടുവരാം. അങ്ങനെയായിരുന്നു കഴിഞ്ഞ കമ്മിറ്റിയിൽ ജോമോൾ ചേച്ചിയെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്, ജനറൽ ബോഡി നടത്താൻ ഉടനെ സാഹചര്യമില്ലാത്ത ഒരു അവസ്ഥയിൽ. പക്ഷേ ഇവരുടേത് എന്താണ്? ഇവർ കഴിഞ്ഞ ജനറൽ ബോഡിയിൽ രാജിവച്ചു പോയവരാണ് എല്ലാവരും.


Fashion ⏭️

Back to top button