BUSINESS
ഇഡ്ഡലി മിക്സ്: മാസം 3 ലക്ഷം ലാഭം നേടുന്ന വീട്ടമ്മ; ഓലകെട്ടിഅമ്പലം സ്വദേശിനിക്ക് കരുത്തായത് പ്രധാനമന്ത്രിയുടെ വായ്പ പദ്ധതി

സംരംഭം തുടങ്ങാൻ കോടികളുടെ നിക്ഷേപവും അതിനു വിജയകരമായി നേതൃത്വം നൽകാൻ ബിസിനസ് കുടുംബപശ്ചാത്തലവും ആവശ്യമുണ്ടോ? ഇല്ലെന്നു തെളിയിക്കുകയാണ് വീട്ടമ്മയായ നിഷ സജി. മാവേലിക്കരയ്ക്കടുത്ത് ഓലകെട്ടിയമ്പലത്ത് ‘മിസിസ് കിച്ചൺ’ എന്ന ഇവരുടെ സ്ഥാപനം മാസം 11 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടുന്നത്. അഞ്ചുപേർക്കു തൊഴിലും നൽകുന്നു. റെഡി ടു കുക്ക് വിഭവങ്ങളായ ദോശ മിക്സ്, ഇഡ്ഡലി മിക്സ്, അപ്പം മിക്സ് എന്നിവയാണ് നിർമിക്കുന്നത്. ബിസിനസിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നു. ബിസിനസിലേക്ക് ഇറങ്ങുമെന്നോ ഇത്രയും പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാലിപ്പോൾ ‘എക്സ്പേർട്ടായി’ മാറിയെന്ന് നിഷ പറയുന്നു. മലയാളത്തിൽ ബിരുദം നേടിയശേഷം ശ്രമിച്ച ജോലികൾ ഒന്നും ലഭിച്ചില്ല. കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ധാരാളം ഒഴിവുസമയം കിട്ടി. അതോടെ എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിച്ചു. ഭർത്താവ് സജി ബേക്കറി ഉൽപന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന സ്ഥാപനം വിജയകരമായി നടത്തുന്നുണ്ട്. സ്വന്തംനിലയിൽ വേറിട്ടൊരു ബിസിനസ് വേണം എന്ന നിഷയുടെ ആശയത്തോട് കുടുംബം ഒപ്പം നിന്നു. ബേക്കറി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഷോപ്പുകൾ ദോശ, ഇഡ്ഡലി മിക്സുകൾ ആവശ്യപ്പെടുന്നതു കൂടി പരിഗണിച്ചാണ് അതിലേക്ക് കടന്നത്. അതുകൊണ്ട് തുടക്കം മുതലേ ഇവ നല്ലരീതിയിൽ വിറ്റഴിക്കാൻ കഴിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ മികച്ച വിജയവും നേടാനായി. 12 ലക്ഷത്തിന്റെ നിക്ഷേപം പന്ത്രണ്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിലാണു തുടക്കം. എട്ടുലക്ഷം രൂപ പിഎംഎഫ്എംഇ പദ്ധതിവഴി വായ്പയെടുത്തു. 35% മൂലധന സബ്സിഡിയും ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രം വഴിയാണു വായ്പയെടുത്തത്. ഉണ്ടായിരുന്ന 700 ചതുരശ്രഅടി ഷെഡ് വൃത്തിയാക്കിയാണ് ആറു സെറ്റ് ഗ്രൈൻഡർ മെഷീൻ, റൈസ് വാഷർ, ബാറ്റർ ഫില്ലിങ് മെഷീൻ എന്നിവ സ്ഥാപിച്ചത്. അതിനുശേഷം അവയുടെ പ്രവർത്തനം ദിവസങ്ങൾകൊണ്ട് കൃത്യമായി പഠിച്ചു. ‘‘മനസ്സു വച്ചാൽ ഇത്തരം മിഷനറികളുടെ പ്രവർത്തനവും ഉൽപന്നങ്ങളുടെ നിർമാണ രീതിയും പെട്ടെന്ന് പഠിക്കാം’’ നിഷ പറയുന്നു. ഭർത്താവിന്റെയും മക്കളുടേയും സഹകരണത്തോടെ ഒരു കുടുംബബിസിനസായാണ് പ്രവർത്തനം. നഴ്സിങ് വിദ്യാർഥിയായ അമൃതയും സ്കൂൾ വിദ്യാർഥിയായ അർഷയും സമയം കിട്ടുമ്പോഴാക്കെ അമ്മയെ സഹായിക്കും. പ്രത്യേകിച്ച് ബില്ലിങ് സെക് ഷനിൽ. തുടക്കത്തിൽ മാസം 1-2 ലക്ഷം രൂപ വരെയായിരുന്ന വിറ്റുവരവ് പത്തുമാസത്തിനകം 11 ലക്ഷത്തിന് അടുത്തെത്തി. ഇപ്പോൾ മാസം 11 ലക്ഷത്തിനു മുകളിൽ സ്ഥിരമായ വിൽപനയുണ്ട്. മികച്ച ലാഭവിഹിതം നേടാനാകുന്നു എന്നതാണ് ഈ ബിസിനസിന്റെ പ്രധാന നേട്ടം. 30 ശതമാനത്തിൽ കുറയാതെ ലാഭം നേടാനാകുന്നുണ്ട്. വിൽപന വിൽപനയ്ക്ക് ധാരാളം അവസരങ്ങളുണ്ട്. ∙ വിപണിയിൽ നേരിട്ടു വിതരണം ചെയ്യുകയാണ്. അതിനു പ്രത്യേകം സ്റ്റാഫ് ഉണ്ട്. ബേക്കറി – പലചരക്ക് ഷോപ്പുകൾ, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ട്. കിലോഗ്രാമിന് 40-45 രൂപവരെ ഈടാക്കുന്നു. ∙ പാക്കിങ് കഴിഞ്ഞാൽ ഒരുമണിക്കൂറിനകം ഷോപ്പിലെത്തിക്കും. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ നാലു ദിവസംവരെ ഉപയോഗിക്കാം. ∙ ക്രെഡിറ്റ് വിൽപന ഇല്ലെന്നത് ഒരു നയംതന്നെയാക്കി ആദ്യമേ തീരുമാനിച്ചു. ∙ സമീപത്തുള്ളവർ നേരിട്ടു വന്ന് വാങ്ങുന്നു. ഉപയോഗിക്കുന്ന സ്ഥിരം കസ്റ്റമേഴ്സ് വഴിയുള്ള മൗത്ത് പബ്ലിസിറ്റി ഉൽപ്പന്നങ്ങൾക്ക് നല്ല പ്രചാരം ഉറപ്പാക്കുന്നു. ∙ ഉൽപാദനം ഇരട്ടിയാക്കിയാലും വിൽക്കാൻ കഴിയുന്ന സ്ഥിതിയുണ്ട്. 11 ലക്ഷത്തിന്റെ മാസ വിൽപന ഈ ഉൽപ്പന്നങ്ങൾ നൽകുന്ന ധാരാളം സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ ഷോപ്പുകൾ പിടിക്കാൻ വലിയ പ്രയാസമായിരുന്നു. എങ്കിലും നിഷയുടെ മിക്സുകൾ വയ്ക്കാൻ ഷോപ്പുകൾ തയാറായി. ഇപ്പോൾ നാൽപതിൽപരം ഷോപ്പുകളിൽ നിന്നായി മാസം 11 ലക്ഷത്തിന്റെ വിറ്റുവരവുണ്ട്. അപ്പവും ചപ്പാത്തിയും ഈയിടെ അപ്പം മിക്സും ആരംഭിച്ചിട്ടുണ്ട്. മത്സരം കുറവായതിനാൽ മികച്ച വിജയിക്കുമെന്നാണു പ്രതീക്ഷ. പാതിവെന്ത ചപ്പാത്തിയും ഷോപ്പുകൾ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും ഏതാനും മാസങ്ങൾക്കകം അതും വിപണിയിലെത്തിക്കാനാണ് പ്ലാൻ. ഡിമാൻഡ് അറിഞ്ഞ് നിറവേറ്റിയാൽ കൂടുതൽ ഉൽപാദനവും വികസനവും സാധ്യമാക്കാം എന്നതാണ് ഈ സംരംഭകയുടെ നിലപാട്. വിലാസം: നിഷ സജി, മിസിസ് കിച്ചൺ, ഓലകെട്ടിഅമ്പലം,മാവേലിക്കര – 690510 നിർമാണരീതി ഇങ്ങനെ നല്ല ഗുണമേന്മയിൽ, മികച്ച രൂചി ഉറപ്പാക്കി ഉൽപന്നങ്ങൾ ലഭ്യമാക്കിയാൽ ഭക്ഷ്യമേഖലയിൽ വലിയ നേട്ടം ഉണ്ടാക്കാമെന്നു തെളിയിക്കുന്നതാണ് നിഷയുടെ നേട്ടം. ദോശ, ഇഡലി മിക്സ് നിർമിക്കുന്ന രീതി വളരെ ലളിതമാണ്. പരമ്പരാഗതമായി വീട്ടിൽ ചെയ്യുന്നതുപോലെ ചെയ്യാം. അരിയും ഉഴുന്നും 5:1 അനുപാതത്തിൽ 2-3 മണിക്കൂർ കുതിർത്തു വയ്ക്കും. ശേഷം ഗ്രൈൻഡറിൽ നന്നായി അരയ്ക്കും. മേമ്പൊടിയായി ഉലുവാപ്പൊടി ചേർത്ത് മാവ് കട്ടിയുള്ള കവറിൽ പാക്ക് ചെയ്തു വിൽക്കുന്നു. ഗുണനിലവാരമുള്ള പൊടികൾ മാത്രം വാങ്ങി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുതുസംരംഭകരോട് അനുകരിക്കാവുന്ന മികച്ച ബിസിനസ് മാതൃകയാണിത്. പ്രത്യേകിച്ച് പരിചയമില്ലെങ്കിലും മനസ്സുവച്ചാൽ ഇവയുടെ ഉൽപാദനം, വിതരണം, വിപണനം എന്നിവയിൽ വിജയിക്കാം. രണ്ടു ലക്ഷം രൂപയ്ക്ക് ഒരു സെറ്റ് ഗ്രൈൻഡറും മെഷിനറികളും സ്ഥാപിച്ചാൽ വീട്ടിൽത്തന്നെ ദോശ/ഇഡ്ഡലി അപ്പം മിക്സുകൾ നിർമിക്കാം. മാസം രണ്ടുലക്ഷം രൂപയുടെ കച്ചവടം കിട്ടിയാൽ 60,000 രൂപ വരുമാനം നേടാം.
Travel ⏭️




