NEWS
ശബരിമലയുടെ മറവിൽ ആസൂത്രിത അഴിമതി; ഫണ്ട് ചെലവഴിക്കുന്നത് ‘വിത്തെടുത്ത് കുത്തുന്ന’ രീതിയിൽ: ജെ.എസ്. അഖിൽ

തിരുവനന്തപുരം ∙ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടക്കുന്നത് കോടികളുടെ ധൂർത്തും ആസൂത്രിത അഴിമതിയുമെന്ന് കെപിസിസി അംഗം ജെ.എസ്. അഖിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച സ്ഥാപന സംരക്ഷണ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉറപ്പുകൾക്ക് പുല്ലുവില കൽപ്പിച്ചാണ് ബോർഡ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.പുതിയ പരിഷ്കാരങ്ങളുടെ പേരിൽ ദേവസ്വം ഫണ്ട് ‘വിത്തെടുത്ത് കുത്തുന്ന’ രീതിയിലാണ് ബോർഡ് ധൂർത്തടിക്കുന്നത്. ലേല നടപടികൾ ബോധപൂർവം വൈകിപ്പിച്ച്, ശർക്കരയ്ക്ക് വിപണിയിൽ വില ഉയരുന്ന മാസങ്ങളിൽ ലേലം നടത്തിയത് വൻകിട കുത്തകക്കാരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ലേല വിവരങ്ങൾ മുൻകൂട്ടി ചോർന്നതിന് പിന്നിൽ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. ലേല പരസ്യത്തിന് മാത്രമായി 30 ലക്ഷം രൂപ ജനറൽ ഫണ്ടിൽ നിന്ന് പൊടിച്ച ബോർഡ്, പ്രസിഡന്റിന്റെ ഇഷ്ടക്കാരായ സ്പോൺസർമാരെ മാത്രമാണ് ഇപ്പോൾ വഴിവിട്ട് സഹായിക്കുന്നത്. ഇതിന് പിന്നിലെ ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം.ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ചിട്ടും എക്സിക്യൂട്ടീവ് ഓഫീസിൽ ഇരുന്ന് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിക്കുന്നത് സിപിഎം യൂണിയൻ നേതാക്കളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിൽ മത്സരിച്ച സ്ഥാനാർത്ഥി പോലും ഇപ്പോഴും ശബരിമലയിലെ പ്രധാന തസ്തികകളിൽ തുടരുകയാണ്. ഇത്തരക്കാരെയും നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉള്ളൂർ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെയും ബോർഡ് സംരക്ഷിക്കുകയാണെന്ന് അഖിൽ കുറ്റപ്പെടുത്തി. ഈ ഗുരുതരമായ അഴിമതികളെല്ലാം സംസ്ഥാന വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിൽ ആവശ്യപ്പെട്ടു.
Fashion ⏭️




