NEWS
കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ‘ജപ്പാൻ ഹൗസ്’ ഇനി ഓർമ; കുളങ്ങരവീട് തറവാട് പൊളിച്ചു തുടങ്ങി

താനൂർ ∙ നഗരത്തിലും പരിസരത്തുമായി പൊളിച്ചുമാറ്റുന്ന പഴയ തറവാടുകളുടെ പട്ടികയിലേക്ക് ജപ്പാൻഹൗസും. തിരൂർ– താനൂർ റോഡിലെ നടക്കാവ് ജുമാഅത്ത് പള്ളിക്ക് സമീപമാണ് കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ജപ്പാൻ ഹൗസ് സ്ഥിതിചെയ്യുന്നത്. കുടുംബനാഥൻ പരേതനായ കെ.വി.ഹൈദറിന്റെ മക്കളും അവരുടെ കുടുംബങ്ങളും കാലങ്ങളായി ബിസിനസുമായി ബന്ധപ്പെട്ട് ജപ്പാനിൽ ആയിരുന്നു. ഇതോടെ കുളങ്ങരവീട് തറവാടിന് ജപ്പാൻഹൗസ് എന്ന പേര് വീണു. ഈ തറവാടാണ് ഇപ്പോൾ പൊളിച്ചുമാറ്റുന്നത്.അങ്ങാടിയിലെ പ്രമുഖ തറവാടുകളായ തങ്ങൾസ് പൂതേരി, വലിയ ചുണ്ടൻ വീട്, ഉസ്നാലി വീട്, തൊമ്മിൽ പുതിയ മാളിയേക്കൽ, ചേക്കിത്താനകം, പൊലീസ് സ്റ്റേഷന് സമീപമുണ്ടായിരുന്ന പത്തായപ്പുര തുങ്ങിയ തറവാടുകൾ നേരത്തെ പൊളിച്ചുനീക്കിയിരുന്നു. ജപ്പാൻ ഹൗസിലെ ജപ്പാനികളുടെ “ജപ്പാൻ ജ്വരം” ഏറെ പ്രശസ്തമാണ്. ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിൽ ജപ്പാന്റെ മത്സരങ്ങൾ കുടുംബാംഗങ്ങൾ ആവേശത്തോടെയാണ് കണ്ടിരുന്നത്. ഇത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തറവാട്ടിൽ നടന്ന വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും ജപ്പാനിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. സ്ഥലം ഭാഗം വയ്ക്കുന്നതിന്റെ മുന്നോടിയായാണ് തറവാട് പൊളിക്കുന്നത്.
Fashion ⏭️




