NEWS
ലീ സീ ബീനിന്റെ ആത്മഹത്യ: പഴയ ഫയലുകൾ സർക്കാർ വീണ്ടും പരിശോധിക്കുന്നു; അന്വേഷണം ഗ്യാനേഷ് കുമാറിലേക്ക്?

തിരുവനന്തപുരം ∙ എം.സി റോഡ് പുനർനിർമിച്ച കെഎസ്ടിപി (കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്‌ട്) പദ്ധതി നടത്തിയിരുന്ന പതിബെൽ കൺസോർഷ്യം കമ്പനിയുടെ ചീഫ് പ്രോജക്‌ട് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയിലേക്കു നയിച്ച കരാറിന്റെ ഫയലുകൾ സർക്കാർ വീണ്ടും പരിശോധിക്കാൻ ഒരുങ്ങുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി. സർക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് തന്നെ സമ്മർദത്തിലാക്കിയതായി ലീ സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇതു സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. പുനരന്വേഷണത്തിനു സർക്കാർ തീരുമാനമെടുത്താല്‍ ഗ്യാനേഷ് ഉൾപ്പെടെ അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തും.എംസി റോഡിലെ 127 കി.മീ. നിർമിക്കാനുള്ള 215 കോടി രൂപയുടെ കരാറാണു കൺസോർഷ്യം ഏറ്റെടുത്തിരുന്നത്. ‘പതി’ എന്ന മലേഷ്യൻ കമ്പനിയും ഭഗീരഥ എൻജിനീയറിങ് ലിമിറ്റഡ് എന്ന കേരളത്തിലെ കമ്പനിയും ചേർന്നായിരുന്നു കൺസോർഷ്യം. കരാർ വ്യവസ്‌ഥയനുസരിച്ചു പദ്ധതി 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സംസ്‌ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതുകൊണ്ടും മറ്റും പണി പൂർത്തിയായില്ല. തുടർന്ന് 2006 മേയ് വരെ പദ്ധതി നീട്ടി. എന്നിട്ടും പൂർത്തിയാകാതിരുന്നതിനാൽ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു. 2006ൽ വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നു. അഴിമതി ആരോപണത്തെത്തുടർന്ന് സ്ഥാനത്തുനിന്നു മാറ്റി. വിജിലൻസ് അന്വേഷണം നടന്നു. 2007ൽ സർക്കാർ 35 കോടി രൂപ കമ്പനിക്ക് നഷ്ടപരിഹാരം നൽകി. എംസി റോഡ് പദ്ധതിക്ക് കോടികൾ അധികമായി ചെലവായി. 2016ൽ ഗ്യാനേഷ് കുമാർ കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയി. 2025 ഫെബ്രുവരി 19ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി. 6 വർഷമോ 65 വയസ്സാകുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം അതുവരെയാണ് കാലാവധി.
Fashion ⏭️




