NEWS
‘അനാവശ്യം’: തുർക്കി പ്രസിഡന്റിന്റെ കശ്‌മീർ പരാമർശം തള്ളി ഇന്ത്യ

ന്യൂഡൽഹി ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭാസമ്മേളനത്തിൽ തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ കശ്മീരിനെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ തള്ളി വിദേശകാര്യമന്ത്രാലയം. ഇവയെ ‘അനാവശ്യ പരാമർശങ്ങൾ’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുറത്തുനിന്നുള്ള കക്ഷികൾക്കു പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. കശ്മീർ പ്രശ്നം യുഎൻ ചാർട്ടറിന്റെയും പ്രമേയങ്ങളുടെയും ചട്ടക്കൂട്ടിനകത്തുനിന്നുള്ള ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എർദോഗൻ ആവശ്യപ്പെട്ടിരുന്നു.‘ദക്ഷിണേഷ്യയിൽ, കശ്മീർ വിഷയം ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരവും പ്രസക്തമായ പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിലും സംഭാഷണങ്ങളിലൂടെ പരിഹരിക്കേണ്ടത് പ്രധാനമാണ്’ – എർദോഗൻ പറഞ്ഞു. തന്റെ യുഎൻ പൊതുസഭയിലെ പ്രസംഗത്തിനിടെ കശ്മീർ വിഷയത്തെക്കുറിച്ച് എർദോഗൻ സംസാരിക്കുന്നത് ഇത് ആദ്യമായിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിലും, അദ്ദേഹം യുഎൻ പൊതുസഭയിൽ കശ്മീർ വിഷയത്തിൽ ഒരു പരിഹാരത്തിന് ആഹ്വാനം ചെയ്തിരുന്നു.
Fashion ⏭️




