മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കണം: മന്ത്രി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമുള്ള ആശുപത്രികളിൽ അടിയന്തരനടപടി സ്വീകരിക്കാൻ മന്ത്രി കെ. മുരളീധരൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നുകൾ ലഭ്യമാക്കാണം. മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സർജിക്കൽ സാമഗ്രികളുടെയും ലഭ്യത തടസമില്ലാതെ ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ബോർഡ് യോഗം ചേരുകയും ആവശ്യമായ പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു. എല്ലാ ജില്ലകളിലും ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണ കേന്ദ്രങ്ങളിലാണ് സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ യോഗത്തിൽ വിശദീകരിച്ചു. മോർച്ചറി,സീലിംഗ്,ലിഫ്റ്റ്, വെന്റിലേറ്റർ എന്നിവയുടെ സ്ഥിതി ഓരോ ജില്ലയിലും മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.




