NEWS

‘ബസ് സ്പോൺസർ ചെയ്തത് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ; ഒരു കൈത്താങ്ങാവട്ടെ എന്ന് കരുതി, ബസിൽ എന്റെ പരസ്യം വേണ്ട’


‘‘നമ്മുടെ റോഡിലൊക്കെ നല്ല തിരക്കാണ്. റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. ഇത് പരിഹരിക്കാൻ കുറച്ചു വർഷം മുൻപ് മുനിസിപ്പാലിറ്റിക്കു ഞാനൊരു പ്രൊപ്പോസൽ കൊടുത്തിരുന്നു. അവരെ പ്രസന്റേഷനും കാണിച്ചു. നന്നായിട്ടുണ്ടെന്നു പറഞ്ഞു. പിന്നീട് ഒരു വിവരവുമില്ല. ഈ മനോഭാവം മാറണം’’ – കെഎസ്ആര്‍‍ടിസിക്ക് ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നൽകിയ അങ്കമാലി മൂക്കന്നൂർ അട്ടാറ കെ.ടി.ജോസ് പറയുന്നു. ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനിയുടെ ഉടമസ്ഥനാണ് ജോസ്. എന്തുകൊണ്ടാണ് കെഎസ്ആർടിസിക്കു ബസ് വാങ്ങാൻ പണം നൽകിയത്? എന്താണ് ജോസിന്റെ ജീവിത തത്വശാസ്ത്രം? ജോസ് സംസാരിക്കുന്നു. ∙ എന്തുകൊണ്ടാണ് ബസ് സ്പോണ്‍സർ ചെയ്തത്? മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നല്ലോ. കെഎസ്ആർടിസിക്ക് ആരെങ്കിലുമൊരു ബസ് സ്പോൺസർ ചെയ്താൽ നല്ലതായിരിക്കും എന്ന്. ഇത് പൊതുജനങ്ങൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സംവിധാനം ആണല്ലോ. ലാഭത്തിലല്ല താനും. അതിന് നമ്മുടെ ഒരു കൈത്താങ്ങ് ആയിക്കോട്ടെ എന്നു കരുതി. കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമാണ്, അതുകൊണ്ട് എന്നാൽ കഴിയുന്ന രീതിയിൽ ഒരു സപ്പോർട്ട്, അത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവട്ടെ. മുഖ്യമന്ത്രിയുടെ ആ പ്രസ്താവന ഇല്ലായിരുന്നെങ്കിൽ ആരും ആ വഴിക്ക് ചിന്തിക്കില്ല. ഞാൻ ടെക്നിക്കൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളാണ്. ആ കാര്യങ്ങളാണ് ഞാൻ കൂടുതലും ചിന്തിക്കാറ്. പക്ഷേ ഇങ്ങനെ ഒരു പ്രസ്താവന കണ്ടപ്പോൾ, ഓര്‍ത്തത് പൊതുജനങ്ങൾക്ക് നേരിട്ട് ഉപകാരപ്പെടുന്ന കാര്യം കൂടിയാണല്ലോ എന്നാണ്.∙ പൊതുപ്രവർത്തകനല്ല, നാലു പേരിൽനിന്ന് 250 ലേക്ക് ഞാനൊരു പൊതുപ്രവർത്തകനൊന്നുമല്ല. ഞാൻ പഠിച്ചതിനേക്കാൾ ഉപരി എനിക്ക് ദൈവം കുറച്ച് കഴിവുകൾ തന്നിട്ടുണ്ട്. പാവപ്പെട്ടവർക്കും സമൂഹത്തിനും എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കും എന്തെങ്കിലും ഉപകാരങ്ങൾ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യാം എന്ന് മാത്രമേ എന്റെ ചിന്തയിലുള്ളൂ. എനിക്ക് പണം സമ്പാദിക്കണമെന്ന് ഒരു ആഗ്രഹവുമില്ല. വീടും സകല സ്വത്തും വിറ്റിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. അതിനായി അഞ്ചാറു വർഷമെങ്കിലും ഞാൻ കുടുംബവുമായിട്ട് വാടകയ്ക്ക് താമസിക്കേണ്ടി വന്നു. അത്രയൊക്കെ സഹിച്ചിട്ടാണെങ്കിലും ഞാൻ എന്റെ സ്ഥാപനത്തെ കൈവിട്ടില്ല. കാരണം, പത്തിരുനൂറ്റമ്പത് കുടുംബങ്ങൾ ഇതുകൊണ്ട് ജീവിക്കുന്നുണ്ട്. ഇത്രയും പേർക്ക് ജോലി കൊടുക്കാൻ കഴിയുമെന്നുള്ളതിൽ അഭിമാനം കൊള്ളുന്ന ആളാണ് ഞാൻ.


Fashion ⏭️

Back to top button