NEWS
കേരളത്തിൽ വേണമെന്ന ആഗ്രഹം മമ്മൂട്ടി കേന്ദ്രമന്ത്രിയെ അറിയിച്ചു; ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് ബേക്കലിൽ വരുമോ?

ബേക്കൽ ∙ അടുത്ത ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങ് ബേക്കലിൽ സംഘടിപ്പിച്ചാലോ? അവാർഡ് സമർപ്പണത്തിനു വേദിയാകാൻ മികച്ച ടൂറിസം കേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങൾക്ക് സമീപിക്കാമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ പ്രഖ്യാപനത്തിൽ ബേക്കലിനും പ്രതീക്ഷ. ഗുജറാത്തിൽ നർമദയുടെ തീരത്ത് കെവാദിയയിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രതിഭകൾ ഇത്തവണ ദേശീയ ബഹുമതി ഏറ്റുവാങ്ങിയത്. ഈ ചടങ്ങിൽവച്ചാണ് രാജ്യത്തെ മറ്റു ടൂറിസം കേന്ദ്രങ്ങൾക്കും അവാർഡ് സമർപ്പണച്ചടങ്ങ് സംഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 72 വർഷത്തെ ചലച്ചിത്ര അവാർഡ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ ചടങ്ങ് ഡൽഹിക്കു പുറത്തു സംഘടിപ്പിച്ചത്. അതിഥികൾക്ക് പട്ടേൽ പ്രതിമയും നർമദ അണക്കെട്ടും സമീപത്തെ ഗാർഡനുമെല്ലാം പരിചയപ്പെടുത്തുന്ന ടൂറും ഇതോടൊപ്പമുണ്ടായിരുന്നു. അടുത്ത തവണത്തെ ചടങ്ങ് കേരളത്തിൽ വരണമെന്ന ആഗ്രഹം മമ്മൂട്ടിതന്നെ കേന്ദ്രമന്ത്രിയെ അറിയിക്കുകയും ചെയ്തു.എന്തുകൊണ്ട് ബേക്കൽ ! ആകാശംമുട്ടി നിൽക്കുന്ന കടലും ദേശീയ സ്മാരകമായ ബേക്കൽകോട്ടയും സംഗീതസാന്ദ്രമായി ഉയർന്നുതാഴുന്ന തിരമാലകളും കാഴ്ചയൊരുക്കുന്ന ബേക്കൽ ടൂറിസം മേഖല ദേശീയ ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിന് എന്തുകൊണ്ടും അനുയോജ്യമാണ്. അതിഥികൾക്കും ഉദ്യോഗസ്ഥർക്കും കലാകാരൻമാർക്കും താമസത്തിനു വേണ്ട ഫൈവ് സ്റ്റാർ സൗകര്യം ഇവിടെയുണ്ട്. 3ൽ ഏറെ ഫൈവ് സ്റ്റാർ റിസോർട്ടുകൾ ഇപ്പോൾതന്നെ ഇവിടെ പ്രവർത്തിക്കുന്നു. കണ്ണൂർ, മംഗളൂരു വിമാനത്താവളങ്ങൾ സമീപത്തുള്ളതിനാൽ യാത്രാസൗകര്യവും മികച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളുടെയും ലൊക്കേഷനായി രാജ്യമാകെ പ്രശസ്തി നേടിയിട്ടുണ്ട്. 1995ൽ മണിരത്നം സംവിധാനം ചെയ്ത തമിഴ്ചിത്രം ബോംബെ, 2000ത്തിൽ മധുരനൊമ്പരക്കാറ്റ്, 2001ൽ പാർത്താലെ പരവശം, 2009ൽ പഴശ്ശിരാജ, 2011ൽ ഉറുമി തുടങ്ങിയ സിനിമകളിൽ ബേക്കൽ ഉണ്ടായിരുന്നു. ‘ബോംബെ’ സിനിമ പുറത്തിറങ്ങിയതോടെയാണ് ബേക്കൽകോട്ട ദേശീയശ്രദ്ധ നേടിയത്.
Fashion ⏭️




