NEWS

‘ആരോഗ്യം സ്വകാര്യമായ കാര്യം; മാറിനിന്നാൽ ആർത്തവമായി ചിന്തിക്കുന്നത് പിന്തിരിപ്പൻ ചിന്താഗതി’


ചെന്നൈ ∙ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ ലണ്ടൻ സന്ദർശനത്തിൽ നിന്നും താൻ വിട്ടുനിന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും മോശം പരാമർശങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് വ്യവസായ മന്ത്രി എസ്. കീർത്തന. ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ ആരോഗ്യവിവരങ്ങളെ രാഷ്ട്രീയ ചർച്ചയാക്കി മാറ്റരുതെന്ന് മന്ത്രി കീർത്തന പറഞ്ഞു. സെപ്റ്റംബർ 10 മുതൽ 17 വരെ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ലണ്ടൻ സന്ദർശിച്ചപ്പോൾ വ്യവസായ മന്ത്രി കീർത്തന ഒപ്പമുണ്ടാകാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. മന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ നാല് ദിവസമായി മാറിനിൽക്കുകയാണെന്ന് പാർട്ടി നേതാവ് ആദവ് അർജുന പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് ഡിഎംകെ അനുകൂലിയായ വൈഷ്ണവി എന്ന സ്ത്രീ, ഇത് സ്ത്രീകളുടെ ആർത്തവ ദിനങ്ങളെ ഉദേശിച്ചാണോ എന്ന് ചോദിച്ച് അധിക്ഷേപകരമായ കുറിപ്പ് പങ്കുവച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.ഒരു സ്ത്രീ പൊതുരംഗത്ത് നിന്നും മാറിനിന്നാൽ ഉടൻ അത് അവരുടെ ആർത്തവ ചക്രവുമായി മാത്രം ബന്ധപ്പെടുത്തി ചിന്തിക്കുന്നത് പ്രതിപക്ഷത്തിന്റെ പിന്തിരിപ്പൻ ചിന്താഗതിയാണെന്ന് ടിവികെ നേതാവും കോയമ്പത്തൂർ കൗണ്ടംപാളയം എംഎൽഎയുമായ കനിമൊഴി സന്തോഷ് പറഞ്ഞു. സ്ത്രീകൾ വെറും ബയോളജിക്കൽ ഘടനകൾ മാത്രമല്ല. ഞങ്ങൾ ഒരേസമയം നേതാക്കളും അമ്മമാരും മക്കളുമെല്ലാമാണ്. രോഗങ്ങളും പരിക്കുകളും ഡ്യൂട്ടിയും ഒരേപോലെ ചുമലിലേറ്റി ജീവിക്കുന്നവരാണ്. ഒരു സ്ത്രീയുടെ പ്രവർത്തനങ്ങളിൽ തെറ്റ് കണ്ടുപിടിക്കാൻ കഴിയാത്തപ്പോൾ അവളുടെ ശരീരത്തെ ആക്രമിക്കുന്നത് പഴയൊരു മോശം ശീലമാണ്. കഠിനമായ സാഹചര്യങ്ങളിലും മുന്നിൽ നിന്ന് നയിക്കുന്ന സ്ത്രീകളെ പ്രശംസിക്കുകയാണ് വേണ്ടതെന്നും കനിമൊഴി സന്തോഷ് പറഞ്ഞു.


Fashion ⏭️

Back to top button