HEALTH

ചികിത്സക്കപ്പുറം രോഗീസുരക്ഷ: പിഴവുകളില്ലാത്ത പരിചരണത്തിലേക്ക് ആശുപത്രികൾ ചുവടുവെക്കുമ്പോൾ… | Zero Tolerance for Medical Errors


ആധുനിക വൈദ്യശാസ്ത്രം അത്യാധുനിക രോഗനിർണ്ണയവും ചികിത്സാരീതികളും കൊണ്ട് മുന്നേറുമ്പോഴും നമ്മെ ഞെട്ടിക്കുന്ന ചില വാർത്തകൾ സമീപകാലത്ത് കേരളത്തിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചതും, സെൻട്രൽ ലൈൻ ഇടുന്നതിനിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയത്, വയോധികയുടെ വയറ്റിൽ ഫോർസെപ്സ് ഒടിഞ്ഞ ഭാഗം ബാക്കിയായത് തുടങ്ങി നിരവധി മെഡിക്കൽ പിഴവുകൾ പൊതുസമൂഹത്തിലും ആരോഗ്യമേഖലയിലും വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. “രോഗിയെ ചികിത്സിക്കുക എന്നതുമാത്രമല്ല ഒരു ആശുപത്രിയുടെ ലക്ഷ്യം, ആ ചികിത്സ നൂറു ശതമാനം സുരക്ഷിതവും പിഴവുകളില്ലാത്തതുമാക്കുക എന്നതാണ് പ്രധാനം.”രോഗീപരിചരണത്തിന്റെ പ്രാധാന്യംആശുപത്രിയിലെത്തുന്ന ഓരോ രോഗിയും പൂർണ്ണ വിശ്വാസത്തോടെ തങ്ങളുടെ ജീവനും ആരോഗ്യവും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും കൈകളിൽ അർപ്പിക്കുന്നു. അതിനാൽ തന്നെ രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകേണ്ടത് ഏതൊരു ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന്റെയും അടിസ്ഥാന കടമയാണ്. മികച്ച പരിചരണവും സഹാനുഭൂതി നിറഞ്ഞ സമീപനവും രോഗികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുകയും അവരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് വേഗത്തിലുള്ള രോഗശമനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. അതോടൊപ്പം കർശനമായ രോഗീസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ആശുപത്രികളിൽ നിന്ന് പകരാൻ സാധ്യതയുള്ള അണുബാധകളെ (Nosocomial infections) ഫലപ്രദമായി തടയാൻ സഹായിക്കും. രോഗികളുടെ സുരക്ഷയ്ക്ക് പരമോന്നത പ്രാധാന്യം നൽകുന്നതിലൂടെ മാത്രമാണ് ഒരു മെഡിക്കൽ സ്ഥാപനത്തിന് സമൂഹത്തിൽ സുസ്ഥിരമായ വിശ്വാസ്യതയും സ്വീകാര്യതയും നേടിയെടുക്കാൻ സാധിക്കുന്നത്.പിഴവുകളില്ലാത്ത ചികിത്സ ഉറപ്പാക്കുന്ന ഘടകങ്ങൾ ഒരു ഹോസ്പിറ്റലിൽ ഒരു ഘട്ടത്തിലും തെറ്റുകൾ സംഭവിക്കാതിരിക്കാൻ പ്രധാനമായും പ്രോട്ടോകോളുകൾ അത്യാവശ്യമാണ്:ഡബിൾ ചെക്ക് പ്രോട്ടോകോൾ : ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങൾ, ബാൻഡേജുകൾ, സൂചികൾ എന്നിവ എണ്ണി തിട്ടപ്പെടുത്തുന്ന ഗോസ് ആൻഡ് ഇൻസ്ട്രമെന്റ് കൗണ്ടിംഗ് (Gauze & Instrument Count) കർശനമായി പാലിക്കുക.ഡബ്ല്യു.എച്ച്.ഒ സർജിക്കൽ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് : ഏത് ശസ്ത്രക്രിയയ്ക്ക് മുൻപും രോഗിയുടെ പേര്, ശസ്ത്രക്രിയ നടത്തേണ്ട ഭാഗം, അലർജികൾ എന്നിവ സർജനും അനസ്തെറ്റിസ്റ്റും തിയേറ്റർ നഴ്സും ചേർന്ന് സ്ഥിരീകരിക്കുക.ഹാൻഡ് ഓവർ പ്രോട്ടോകോൾ : ഷിഫ്റ്റ് മാറുമ്പോൾ രോഗിയുടെ ലക്ഷണങ്ങളും ചികിത്സാ വിവരങ്ങളും അടുത്ത ജീവനക്കാരിലേക്ക് കൈമാറുന്നതിൽ കൃത്യത ഉറപ്പാക്കുക.ഡിജിറ്റൽ പ്രിസ്‌ക്രിപ്‌ഷൻ സിസ്റ്റം : കൈയക്ഷരത്തിലെ അവ്യക്തത മൂലം മരുന്നുകൾ മാറി നൽകുന്നത് തടയാൻ കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം നടപ്പിലാക്കുക.ചികിത്സാ പിഴവുകൾക്ക് പിന്നിലെ കാരണങ്ങൾമെഡിക്കൽ പിഴവുകൾ സാധാരണയായി ഒരു വ്യക്തിയുടെ മാത്രം വീഴ്ച കൊണ്ടല്ല സംഭവിക്കുന്നത് മറിച്ച് ആരോഗ്യസംരക്ഷണ സംവിധാനത്തിലെ തകരാറുകളും പ്രവർത്തനക്ഷമതയിലെ കുറവുകളും കൊണ്ടാണ്. ജീവനക്കാരുടെ തുടർച്ചയായ ഡ്യൂട്ടികളും ആവശ്യത്തിന് വിശ്രമമില്ലായ്മയും ഉണ്ടാക്കുന്ന അമിത ജോലിഭാരവും ക്ഷീണവും ജീവൻരക്ഷാ തീരുമാനങ്ങളിൽ ശ്രദ്ധക്കുറവുണ്ടാക്കാൻ കാരണമാകുന്നു. ഇതിനുപുറമേ അത്യാഹിത വിഭാഗങ്ങളിലും ഐ.സി.യുവിലും ഉണ്ടാകുന്ന അമിത രോഗീതിരക്ക് ഒരേസമയം നിരവധി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്ന ആരോഗ്യപ്രവർത്തകരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും തുടർന്ന് വീഴ്ചകളിലേക്ക് നയിക്കുകയും ചെയ്യുന്നു.ചികിത്സാ സംവിധാനത്തിലെ ആശയവിനിമയ തടസ്സങ്ങളും സ്റ്റാൻഡേർഡ് പ്രോട്ടോകോളുകളുടെ ലംഘനവുമാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഡോക്ടർമാരും നഴ്സുമാരും തമ്മിലോ, ഷിഫ്റ്റുകൾ മാറുമ്പോഴോ, രോഗിയുടെ ബന്ധുക്കളുമായോ കൃത്യമായ വിവര കൈമാറ്റം നടക്കാതിരിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. കൂടാതെ, അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും കൈകാര്യം ചെയ്യുന്നതിലെ പരിശീലനക്കുറവും പ്രെസ്ക്രിപ്ഷനുകൾ, മരുന്നുകളുടെ അളവ്, ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ എന്നിവയിൽ വരുത്തുന്ന അശ്രദ്ധയും രോഗീസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഘടകങ്ങളാണ്.രോഗീപരിചരണം എങ്ങനെ മെച്ചപ്പെടുത്താം? ആശുപത്രികളിൽ ഇനിയൊരു ചികിത്സാപ്പിഴവ് ഉണ്ടാകാതിരിക്കാൻ നാം അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികൾ:നാഷ്ണൽ അക്രെഡിറ്റക്ഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് (എൻ.എ.ബി.എച്ച്) മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രയോഗികമാക്കുക: എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുകയും കൃത്യമായി സേഫ്റ്റി ഓഡിറ്റ് നടത്തുകയും ചെയ്യുക.സ്മാർട്ട് ടെക്നോളജി ഉപയോഗം: ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിലോ ശരീരത്തിലോ ലോഹസാമഗ്രികൾ ബാക്കിയുണ്ടോ എന്ന് പരിശോധിക്കാൻ റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) ടാഗുകളോ ഡിജിറ്റൽ സ്കാനിംഗോ ഉപയോഗപ്പെടുത്തുക.പഴിചാരലില്ലാത്ത പ്രവർത്തനരീതി (No-Blame Culture): ചെറിയ അപാകതകൾ പോലും ശിക്ഷാഭയമില്ലാതെ തുറന്നുപറയാനും തിരുത്താനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക.നിരന്തര മെഡിക്കൽ വിദ്യാഭ്യാസം (കണ്ടിന്യൂയിങ് മെഡിക്കൽ എഡ്യൂക്കേഷൻ): ജീവനക്കാർക്ക് അന്താരാഷ്ട്ര രോഗീസുരക്ഷാ മാനദണ്ഡങ്ങളിൽ കൃത്യമായ ഇടവേളകളിൽ പുനഃപരിശീലനം നൽകുക.മെഡിക്കൽ രംഗത്തെ ഒരു ചെറിയ പിഴവ് പോലും ഒരു മനുഷ്യന്റെ ജീവിതത്തെയും കുടുംബത്തെയും താറുമാറാക്കുന്നതാണ്. അതിനാൽ, ചികിത്സയേക്കാൾ ഉപരി രോഗിയുടെ ജീവനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഭരണാധികാരികളും ആശുപത്രി അധികൃതരും ആരോഗ്യപ്രവർത്തകരും ഒരുമിച്ച് കൈകോർക്കണം. പിഴവുകളില്ലാത്ത വൈദ്യശാസ്ത്ര പരിചരണമാണ് സുരക്ഷിതമായ നാളെയുടെ അടിത്തറ.(തയാറാക്കിയത്-ഡോ. അവനീ കെ. പി. സ്കന്ദൻ, സീനിയർ കൺസൾട്ടന്റ് റേഡിയോളജി & ക്വാളിറ്റി അഷുറൻസ് വിഭാഗം മേധാവി, ആസ്റ്റർ മിംസ് കോട്ടക്കൽ)


Life Style ⏭️

Back to top button