NEWS

ആന്റോയുടെ ലക്ഷ്യം വീട്ടിൽ സമാന്തര ബാറോ?; റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

ആന്റോ അഗസ്റ്റിൻ

വയനാട്: വ്യാജമദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ്‌ കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ വീട്ടിൽ സമാന്തര ബാർ തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സംശയിക്കുന്നതായി എക്‌സൈസ്. ആന്റോ അഗസ്റ്റിൻ വീടിന്റെ തരംമാറ്റാൻ അപേക്ഷ നൽകിയത് ഇത് ലക്ഷ്യമിട്ടാകാമെന്നാണ് എക്‌സൈസ് സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. ആൽക്കഹോൾ അടങ്ങിയ 12.750 ലിറ്റർ പാനീയമാണ് ആന്റോയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ഇത്‌ വ്യാജമദ്യമാണെന്നാണ്‌ പ്രാഥമിക നിഗമനം. ആന്റോയ്‌ക്ക് മറ്റെവിടെയെങ്കിലും ഇത്തരം മദ്യ നിർമാണ യൂണിറ്റുകളുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു.

അതേസമയം, അബ്കാരി കേസിൽ റിമാൻഡിലായ ആന്റോ അഗസ്റ്റിനെ ഇന്നലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 24 മണിക്കൂർ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു. എക്‌സൈസ് സമർപ്പിച്ച പ്രൊഡക്ഷൻ വാറണ്ട് പരിഗണിച്ചാണിത്. ചോദ്യം ചെയ്യുന്നതിനും മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വിട്ടിലെത്തിച്ച് തെളിവെടുപ്പിനുമായി നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കോടതി ഇതംഗീകരിച്ചില്ല.അളവിൽ കൂടൽ മദ്യം തറവാട് വീട്ടിൽ നിന്ന് കണ്ടെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം ആന്റോയെ റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച ബത്തേരി കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വാദത്തിനായി ഹർജി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.

ആന്റോയെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും മദ്യം കണ്ടെടുത്തതായി പറയപ്പെടുന്ന വീട് ആന്റോയുടെതല്ലെന്നും കണ്ടെടുത്ത മദ്യം ഇയാളുടെ സാന്നിദ്ധ്യത്തിലല്ല പിടിച്ചെടുത്തതെന്നും പ്രതി ഭാഗം വാദിച്ചു. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ രേഖകളില്ലെന്നും അനുവദനിയമായ അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതി ഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതിയ്ക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യുഷൻ വാദം.

ആന്റോയുടെ വീട് കോടികൾ മുടക്കി വാങ്ങിയവരെപ്പറ്റി അന്വേഷണം വേണമെന്നും വാദിച്ചു.എക്‌സൈസ് കസ്റ്റഡിയിൽ വിട്ട ആന്റോയെ വൈദ്യ പരിശോധനയ്ക്ക് ശേഷം വാഴവറ്റയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അസി. എക്‌സൈസ് കമ്മിഷണർ ആർ.എൻ. ബൈജു, സി.ഐമാരായ സുനിൽ, ഷറഫുദ്ദീൻ, ഇൻസ്‌പെക്ടർ സജിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അമ്പലവയൽ സർക്കിൾ സി.ഐ ബിജു ആന്റണി, മീനങ്ങാടി എസ്.ഐ പി.വി. രതീഷ്, അമ്പലവയൽ എസ്.ഐ ജസ് വിൻ, നൂൽപ്പുഴ എസ്.ഐ അഖിൽ തുടങ്ങിയവരും പങ്കെടുത്തു.

Read News ⏭️

Back to top button