NEWS
ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി

വണ്ടൂർ ● താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ ഡയാലിസിസിനെത്തിയ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി. ഏളകുർ സ്വദേശി കല്യാണിയും (65) മകളുമാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. ഒന്നാംനിലയിൽ ഉള്ള ഡയാലിസിസ് കേന്ദ്രത്തിൽ നിന്നു തിരിച്ചു താഴേക്കിറങ്ങാൻ ലിഫ്റ്റിൽ കയറിയതായിരുന്നു അമ്മയും മകളും. കൂടെയുണ്ടായിരുന്ന മകൻ ഓട്ടോറിക്ഷ എടുത്തു വരാൻ കോണിപ്പടി വഴി താഴേക്കിറങ്ങിയിരുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും മകന്റെ കയ്യിൽ കൊടുത്തു വിട്ടിരുന്നു. അതോടെ ലിഫ്റ്റിൽ കുടുങ്ങിയവരെ ബന്ധപ്പെടാൻ കഴിയാതെ അവസ്ഥയായി. മുകളിലെത്തി ലിഫ്റ്റ് നിന്നോ താഴേക്കു നീങ്ങിയോ ലിഫ്റ്റ് ഇടയ്ക്കു കുടുങ്ങുകയായിരുന്നോ എന്നൊന്നും കരുതുന്നില്ല.ഡയാലിസിസ് കേന്ദ്രത്തിലെ ജീവനക്കാരും ആശുപത്രി ജീവനക്കാരും രോഗികളുടെ ഒപ്പമുണ്ടായിരുന്നവരും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. മുകളിലും താഴെയുമുള്ള വാതിലുകൾ തുറക്കാൻ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് താഴെയെത്തുകയും വാതിൽ തുറക്കുകയും ചെയ്തു. തിരുവാലിയിൽനിന്നു അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വയോധികയെയും മകളെയും പുറത്തെത്തിച്ചിരുന്നു. പരിഭ്രാന്തിയിലായെങ്കിലും ഇരുവരും സുരക്ഷിതരായിരുന്നു. ലിഫ്റ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Fashion ⏭️




