NEWS
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗം: ബിജെപി മുൻ എംഎൽഎക്ക് എതിരെ കേസ്; പാർട്ടി പദവികൾ രാജിവച്ചു

മുംബൈ∙ 22 വയസ്സുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ ബിജെപി മുൻ എംഎൽഎ നരേന്ദ്ര പവാറിനെതിരെ കേസെടുത്തു. കുടുംബ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ഓഫിസിലേക്കു വിളിച്ചുവരുത്തി, പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയായിരുന്നു ക്രൂരത. ഭിവൻഡിയിലെ ബാപ്ഗാവിലുള്ള ഫാംഹൗസിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതയായ പെൺകുട്ടിയും ഭർത്താവിന്റെ കുടുംബവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്നു വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. പൊലീസ് കോൺസ്റ്റബിളായ ശൈലേഷ് പട്ടേലിന്റെ സഹായത്തോടെയായിരുന്നു ഇത്. എന്നാൽ ഫാം ഹൗസിലെത്തിയ പെൺകുട്ടിയെ നരേന്ദ്ര പവാറും ശൈലേഷും ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നരേന്ദ്ര പവാർ ഫാം ഹൗസിൽനിന്ന് പോയശേഷം ശൈലേഷ് പട്ടേൽ വീണ്ടും പെൺകുട്ടിയെ ഉപദ്രവിച്ചു. തുടർന്ന് ഒരു സഹായിക്കൊപ്പം പെൺകുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
Fashion ⏭️


