NEWS

ഉണ്ണിയാടനെച്ചൊല്ലി പാർട്ടിക്കുള്ളിൽ തമ്മിലടി; കേരള കോൺഗ്രസുകാർ തെരുവിൽ ഏറ്റുമുട്ടി: ചായക്കെറ്റിൽ വലിച്ചെറിഞ്ഞു


തൃശൂർ∙ തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് കാബിനറ്റ് പദവി ലഭിക്കാത്തതിനെച്ചൊല്ലി ജില്ലയിൽ കേരള കോൺഗ്രസിൽ തമ്മിലടി. തൃശൂരിൽ ഉണ്ണിയാടനോടു ചേർന്നുനിൽക്കുന്നവർ വിമതയോഗം ചേർന്നപ്പോൾ ഇരിങ്ങാലക്കുടയിൽ ഔദ്യോഗിക വിഭാഗവും വിമതരും തെരുവിൽ ഏറ്റുമുട്ടി. അതേസമയം, ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് യോഗത്തിലെ സംഘർഷം പ്രാദേശികപ്രശ്‌നം മാത്രമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മന്ത്രി മോൻസ് ജോസഫും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇവർ പറഞ്ഞു.തൃശൂരിൽ കേരള കോൺഗ്രസ് സൗഹൃദവേദിയുടെ നേതൃത്വത്തിൽ തോമസ് ഉണ്ണിയാടൻ, എംഎൽഎയായതിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും ആശംസയർപ്പിച്ചവരെല്ലാം പറഞ്ഞത് ഒരേ കാര്യം– ഉണ്ണിയാടനെ കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കാതിരുന്നത് തെറ്റായിപ്പോയി. ഉദ്ഘാടകനായി എത്തിയ എഐസിസി സെക്രട്ടറി ടി.എൻ.പ്രതാപൻ തന്നെയാണ് ആദ്യവെടി പൊട്ടിച്ചത്. കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് കഴി‍ഞ്ഞാൽ അടുത്തയാൾ തോമസ് ഉണ്ണിയാടൻ ആണെന്നും അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകാൻ ഒരുങ്ങിയതാണെന്നും എന്നാൽ അവഗണിക്കപ്പെട്ടത് നിരാശനാക്കിയെന്നും പ്രതാപൻ പറഞ്ഞു. എന്താണ് തോമസ് ഉണ്ണിയാടന്റെ കഴിവുകുറവ്..? അദ്ദേഹത്തിന്റെ അപ്പൻ മന്ത്രിയോ ചെയർമാനോ ആയിട്ടുണ്ടാകില്ല. പക്ഷേ ചീഫ് വിപ്പ് അടക്കമുള്ള സ്ഥാനത്തേക്ക് മക്കളെ അല്ല കൊണ്ടുവരേണ്ടതെന്നും പ്രതാപൻ പറഞ്ഞു. തുടർച്ചയായി പരിശ്രമിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായ ഇരിങ്ങാലക്കുട പിടിച്ചെടുത്തതെന്നും ഇത്തവണ യുഡിഎഫിന് അധികാരം ലഭിച്ചാൽ തനിക്ക് പരിഗണന ലഭിക്കുമെന്ന് എല്ലാവരും കരുതിയിരുന്നതായും ഉണ്ണിയാടൻ പറഞ്ഞു. മനഃസാക്ഷിയെ വഞ്ചിക്കാതെ പറഞ്ഞാൽ തനിക്ക് അതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button