ചെന്നൈയിലെ 200 കോടി രൂപയുടെ ബംഗ്ലാവ് ഉപേക്ഷിച്ച് സൂര്യയും ജ്യോതികയും മുംബയിലേക്ക് മാറിയതെന്തിന്

സൂര്യയും ജ്യോതികയും
കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹവാർഷികം ആഘോഷിച്ചത്. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലും ചർച്ചയായി. ഇതിനിടെ ചെന്നൈയിലെ 200 കോടിരൂപ വിലവരുന്ന ബംഗ്ലാവ് ഉപേക്ഷിച്ച് മുംബയിലെ 1700 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയതിനെ കുറിച്ചുള്ള സൂര്യ മുൻപ് നടത്തിയ വെളിപ്പെടുത്തലും ശ്രദ്ധ നേടുകയാണ്.
ഒരുവർഷം മുമ്പ് ദി ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിലാണ് കൊവിഡ് കാലത്ത് ചെന്നൈ വിട്ട് മുംബയിലേക്ക് താമസം മാറാനുള്ള കാരണം സൂര്യ വെളിപ്പെടുത്തിയത്. 18-19 വയസുള്ലപ്പോഴാണ് ജ്യോതിക ചെന്നൈയിലേക്ക് താമസം മാറിയതെന്ന് സൂര്യ പറയുന്നു. 27 വർഷത്തോളം അവൾ ചെന്നൈയിലായിരുന്നു. അതിന് മുമ്പ് 18 വർഷം മാത്രമാണ് അവൾ മുംബയിൽ ചെലവഴിച്ചത്.എനിക്കും എന്റെ കുടുംബത്തിനൊപ്പവുമായിരുന്നു അവൾ. സ്വന്തം കരിയർ. സുഹൃത്തുക്കൾ, ബന്ധുക്കൾ, ബാന്ദ്രയിലെ ജീവിതം എല്ലാം അവൾ ഉപേക്ഷിച്ചു.
മുംബയിലേക്ക് മാറിയപ്പോൾ, , 27 വർഷത്തിന് ശേഷം ജ്യോതികയ്ക്ക് മാതാപിതാക്കളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതായും സൂര്യ പറഞ്ഞു.
ഒരു പുരുഷന് ആവശ്യമുള്ളതെല്ലാം സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവധിക്കാല യാത്രകളും സുഹൃത്തുക്കളും സാമ്പത്തിക സ്വാതന്ത്ര്യവും ഫിറ്റ്നസിനുള്ള സമയവും ആവശ്യമാണ്, പിന്നെ എന്തിനാണ് അവളുടെ മാതാപിതാക്കളോട് ചെലവഴിക്കാനുള്ള സമയവും അവളുടെ ജീവിത ശൈലിയും അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങളും നാം ഇല്ലാതാക്കുന്നത്. എപ്പോഴാണ് നമ്മൾ ഈ മാറ്റം കൊണ്ടുവരിക. എന്തുകൊണ്ടാണ് എല്ലാം എനിക്ക് മാത്രം ? ഇതായിരുന്നു മുംബയിലേക്ക് മാറാനുള്ള തീരുമാനത്തിന് പിന്നിലെ ചിന്തയെന്നും സൂര്യ കൂട്ടിച്ചേർത്തു.
ഒരു നടിയെന്ന നിലയിൽ ജ്യോതികയ്ക്കുണ്ടായ വളർച്ച കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബയിൽ ജീവിക്കുന്നത് താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും സൂര്യ പറഞ്ഞു. മുംബയിൽ തനിക്ക് സ്വതന്ത്രമായി നഗരത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നു. എന്നാൽ ചെന്നൈയിൽ ആരാധകർ ചുറ്റും കൂടാറുണ്ടെന്നും താരം പറഞ്ഞു.
News ⏭️


