‘വി ഡി സതീശൻ എന്റെ മുഖ്യമന്ത്രി, നല്ല മനുഷ്യൻ; പ്രധാനമന്ത്രിയായാൽ എല്ലാവരുടെയും പ്രധാനമന്ത്രി’

അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ നല്ല മനുഷ്യനാണെന്നും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടേയെന്നും ആശംസിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വി ഡി സതീശൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നപ്പോൾ ഞാൻ കോട്ടയം കളക്‌ടർ ആയിരുന്നു. ആ സമയംതൊട്ടേ ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ട്. എല്ലാ ആശംസയും നേരാനാണ് വന്നത്. നല്ല മനുഷ്യനും സുഹൃത്തുമാണ് അദ്ദേഹം. അദ്ദേഹത്തിന് നല്ലത് സംഭവിക്കട്ടെ. കേരളത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ സാധിക്കട്ടെ. അദ്ദേഹം എന്റെ മുഖ്യമന്ത്രിയാണ്, എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായാൽ എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. രാഷ്ട്രീയത്തിൽ ശത്രുക്കൾ ഉണ്ടാകേണ്ട ആവശ്യമില്ല. കേരളത്തിന് വലിയ അത്ഭുതങ്ങൾ അദ്ദേഹം കൊണ്ടുവരട്ടെ. നല്ല ഉദ്ദേശ്യങ്ങളുള്ള മനുഷ്യനാണ്. നല്ല കാര്യങ്ങൾ ചെയ്യും’- എന്നായിരുന്നു അൽഫോൻസ് കണ്ണന്താനം പറഞ്ഞത്.
മുഖ്യമന്ത്രി വി ഡി സതീശന് അനുകൂലമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് മുൻപില്ലാത്ത വിധം പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുഖ്യമന്ത്രി അടക്കമുള്ളവരെ ഏത് കാര്യത്തിനും സമീപിക്കാം. സംസ്ഥാനത്തേക്ക് കേന്ദ്ര പദ്ധതികളെത്തുന്നതിന് ഇത് അനുകൂലമാകുമെന്നും തൃശൂരിൽ വിവിധ പരിപാടികൾക്കെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
English Summary
Former Union Minister and BJP leader Alphons Kannanthanam met Kerala Chief Minister V.D. Satheesan in Delhi, expressing good wishes and praising him as a good person and friend. Kannanthanam hoped Satheesan would bring “wonders” to Kerala, citing their long-standing positive relationship. This follows Union Minister Suresh Gopi’s recent favorable remarks about Chief Minister Satheesan.


