NEWS

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ അധ്യക്ഷൻ പിടിയിൽ


തൊടുപുഴ ∙ നഗരസഭാ മുൻ ചെയർമാനും ഐഎൻടിയുസി റീജനൽ സെക്രട്ടറിയുമായ കുന്നംപാറയ്ക്കൽ സനീഷ് ജോർജ് (40) രാസലഹരി ഉപയോഗിക്കുന്നതിനിടെ പൊലീസ് പിടിയിലായി. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിന് (42) ഒപ്പമാണു സനീഷ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽനിന്ന് എംഡിഎംഎ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെ കണ്ടെത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണു തൊടുപുഴ ഡിവൈഎസ്‌പിയുടെ ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് ഇരുവരെയും പിടികൂടിയത്. ഇരുവർക്കുമെതിരെ കേസെടുത്തെന്നും നോട്ടിസ് നൽകി വിട്ടയച്ചെന്നും കാളിയാർ പൊലീസ് അറിയിച്ചു.നേരത്തേ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന സനീഷ്, 2020ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ കാരൂപ്പാറ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് വിമതനായി മത്സരിച്ചാണു വിജയിച്ചത്. തുടർന്ന് എൽഡിഎഫ് പിന്തുണയോടെ ചെയർമാനായി. നഗരസഭാ അസി. എൻജിനീയറെ കൈക്കൂലിക്കേസിൽ പിടികൂടിയതുമായി ബന്ധപ്പെട്ട് നാലുവർഷത്തിനുശേഷം സനീഷിനു ചെയർമാൻ സ്ഥാനത്തുനിന്നു രാജിവയ്ക്കേണ്ടി വന്നിരുന്നു. സനീഷിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. ഐഎൻടിയുസി റീജനൽ ഭാരവാഹിയാണെന്ന് ഇയാൾ സ്വയം പ്രഖ്യാപിച്ചതാണെന്നും നേതാക്കൾ പറയുന്നു.


Fashion ⏭️

Back to top button