‘അദ്ധ്യാപകർ വെട്ടാൻ പറയണ്ട’: കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് മുടി വളർത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മീഷൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.
മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസിൽ നിന്ന് മാറ്റി നിർത്താനോ മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കർ ഉത്തരവിട്ടു.
മുടിയിൽ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും വസ്ത്രധാരണം തിരഞ്ഞെടുക്കുന്നതിനും പൂർണ അവകാശമുണ്ടായിരിക്കുമെന്നും വ്യക്തമാക്കി.
ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ അടിയന്തരമായി തയ്യാറാക്കണമെന്നും ആ സമിതിയിൽ
ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ ഭാഗംകൂടി കേട്ടതിന് ശേഷം മാർഗനിർദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
English Summary
The State Commission for Protection of Child Rights has ruled that boys and gender non-conforming children have the freedom to grow their hair as they wish. Schools cannot mentally distress, exclude, or punish them based on hair length. Safety precautions like tying hair are required for labs and sports. The commission mandated urgent development of new guidelines, incorporating input from these children.
RELATED TOPICS: CHILD RIGHTS COMMISSION, STUDENTS HAIR FREEDOM, SCHOOL HAIR RULES, KERALAM
Read News ⏭️


