NEWS

പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് സ്കൂൾ സഹപാഠി; കയ്യേറിയ ഭൂമി തിരിച്ചുനൽകി ബിജെപി എംഎൽഎ


മുംബൈ ∙ ബിജെപി എംഎൽഎ ഭൂമി കയ്യേറിയെന്ന് ആരോപിച്ചു പ്രധാനമന്ത്രിയുടെ സഹപാഠിയായിരുന്ന മുതിർന്ന പൗരൻ നരേന്ദ്ര മോദിയെ കണ്ടു പരാതി പറഞ്ഞതിനു പിന്നാലെ എംഎൽഎ ഭൂമി വിട്ടുകൊടുത്തു. മുംബൈയ്ക്കു സമീപം മീരാ ഭയന്ദറിൽ നിന്നുള്ള എംഎൽഎ നരേന്ദ്ര മേത്തയാണു 15 വർഷം തുടർന്ന തർക്കത്തിനൊടുവിൽ അനുനയത്തിനു തയാറായത്. മീരാറോഡ് നിവാസി അസ്ഗർ അലി വോറയുടെ (81) ഭൂമിയാണു മേത്തയുടെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനി കൈവശം വച്ചിരുന്നത്. ഗുജറാത്തിലെ വട്‌നഗറിലുള്ള ബി.എൻ. സ്കൂളിലാണു നരേന്ദ്ര മോദിക്കൊപ്പം അസ്ഗർ അലി പഠിച്ചത്.15 വർഷത്തോളം വിവിധ സർക്കാർ ഓഫിസുകളിൽ പരാതി നൽകി മടുത്തതോടെയാണ് ഈ മാസം 8ന് അലി പ്രധാനമന്ത്രിയെ നേരിട്ടു കണ്ടു സങ്കടം പറഞ്ഞത്. അധികൃതർ ഉടൻ ഇടപെട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തർക്കത്തിനു പരിഹാരമായി. അലിക്കെതിരെ പൊലീസിൽ നൽകിയ പരാതികളും എംഎൽഎ പിൻവലിച്ചു.


Fashion ⏭️

Back to top button