NEWS
‘ജമ്മു കശ്മീരും ലഡാക്കും അവിഭാജ്യ ഘടകങ്ങൾ’; പാക്ക് – ചൈന അതിർത്തി കമ്മിഷനെ തള്ളി ഇന്ത്യ

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ-ചൈന സംയുക്ത അതിർത്തി കമ്മിഷനെ ശക്തമായി തള്ളിപ്പറഞ്ഞ് ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമാക്കി. അതിർത്തി കമ്മിഷന് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളെക്കുറിച്ച് കരാറുകളിൽ ഏർപ്പെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അനധികൃതമായി കൈയേറിയ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി മാറ്റാനോ നിയമവിരുദ്ധ അധിനിവേശത്തിനു സാധുത നൽകാനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാക്കിസ്ഥാനും നടത്തുന്ന ഏതൊരു അതിർത്തി സഹകരണവും അംഗീകരിക്കാനാവാത്തതാണെന്നും പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
Fashion ⏭️


