NEWS

‘വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും മറുപടിയില്ല’; മെസി വിവാദത്തിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആന്റോ  അഗസ്റ്റിൻ

ആന്റോ അഗസ്റ്റിൻ

കോച്ചി: മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലെ എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എവിടെ വേണമെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് റെയ്ഡ് നടത്താമെന്നും ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും എന്റെ കൈയിൽ മറുപടിയില്ല. മെസി വിവാദത്തിലെ എല്ലാ അന്വേഷണത്തിലും സഹകരിക്കും. അല്ലാതെ ഞങ്ങൾ ആരാണ് വാർത്ത ചോർത്തി തരുന്നത്? എങ്ങനെയാണ് വാർത്ത ചെയ്യുന്നത്? കോൺഗ്രസിൽ നിങ്ങളെ ആരെല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്? എന്ന ചോദ്യങ്ങൾക്ക് ഞങ്ങളുടെ കൈയിൽ മറുപടിയില്ല. സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കിൽ ഈ നാടകത്തിന്റെ ആവശ്യമില്ല.

ന്യൂസ് ഡെസ്കിൽ പൊലീസ് തള്ളിക്കയറിയത് എന്തിനാണ്. ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചുവാങ്ങി. എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക. ഇല്ലെങ്കിൽ എനിക്ക് നോട്ടീസ് നൽകുക. എസ്ഐടി അതുവരെ എനിക്ക് ഒരു നോട്ടീസ് പോലും തന്നിട്ടില്ല. മെസി വിവാദത്തിലുള്ള എല്ലാ മറുപടിയും എന്റെ കൈയിലുണ്ട്.

അത് ചോദിക്കാതെ രാവിലെ വീട്ടിലേക്ക് ഇടിച്ച് കയറി ഓരോന്ന് ചോദിച്ചാലോ?​ മെസി വിവാദവുമായി ബന്ധപ്പെട്ട് ഒന്നും ചോദിക്കുന്നില്ല. ഇവർ എന്തിനാണ് ഒരു ചാനലിനെ ഇങ്ങനെ പേടിക്കുന്നത്. നിങ്ങൾക്ക് കോൺഗ്രസുകാരെ ശത്രുക്കളാക്കണമോ എന്ന് ചോദിച്ചത് എന്തിനാണ്. അധികാരത്തിൽ വന്ന് മൂന്ന് മാസമല്ലേ ആയിട്ടുള്ളൂ. ഇവർ എന്തിനാണ് ഞങ്ങളെ പേടിക്കുന്നത്. ജേണലിസ്റ്റുകളുടെ വീട്ടിൽ വരെ റെയ്ഡ് നടത്തിയത് എന്തിനാണ്? എസ്ഐടിക്ക് വ്യക്തത വരുത്താൻ ഞാൻ തയ്യാറാണ്’- ആന്റോ അഗസ്റ്റിൻ പറഞ്ഞു.

അതേസമയം, ഫുട്‌ബോൾ സ്‌പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയാണെന്നാണ് പൊലീസ് എഫ്ഐആറിൽ ഉള്ളത്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
RELATED TOPICS: ANTO AUGUSTIN, MESSI CONTROVERSY KERALA, REPORTER TV, SIT RAID, V D SATHEESAN

Read News ⏭️

Back to top button