BUSINESS
പശ്ചിമേഷ്യൻ സംഘർഷം ഏശിയില്ല; ചരിത്രം സൃഷ്ടിച്ച് വല്ലാർപാടം ടെർമിനൽ; കേരളത്തിന്റെ ‘ഗേറ്റ്വേ’, കണ്ടെയ്നർ നീക്കത്തിൽ റെക്കോർഡ്

കൊച്ചി ∙ പ്രതിമാസ കണ്ടെയ്നർ കൈകാര്യത്തിൽ ചരിത്രം സൃഷ്ടിച്ചു വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ. ഓഗസ്റ്റിൽ കൈകാര്യം ചെയ്തത് 97,952 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിനെക്കാൾ 51% വർധന. ടെർമിനൽ പ്രവർത്തനം തുടങ്ങിയശേഷം ആദ്യമായാണു ഇത്രയേറെ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നത്. ജൂണിൽ 74,644 ടിഇയു, ജൂലൈയിൽ 74,585 ടിഇയു എന്നിങ്ങനെയായിരുന്നു കണ്ടെയ്നർ നീക്കം. കയറ്റുമതി – ഇറക്കുമതി ചരക്കു നീക്കത്തിൽ കേരളത്തിന്റെ പ്രാദേശിക ആഗോള സമുദ്ര കവാടമെന്ന (ഗേറ്റ്വേ) സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ നേട്ടം ടെർമിനലിനെ സഹായിക്കും. ഗേറ്റ്വേ തുറമുഖമെന്ന നിലയിൽ വല്ലാർപാടം നേടുന്ന പ്രാധാന്യമാണു കണ്ടെയ്നർ നീക്കത്തിലെ വളർച്ച സൂചിപ്പിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കൂടുതലായി എത്തിയ 51 കപ്പലുകളും ചരക്കും കൈകാര്യം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷവും ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ആഗോള സമുദ്ര വാണിജ്യം പ്രതിസന്ധിയിലാക്കുമ്പോഴാണു ടെർമിനലിന് ആശ്വാസകരമായ നേട്ടം.
Travel ⏭️


