NEWS

തടയണയ്ക്കും പവർ ഹൗസിനും മധ്യേ 600 മീറ്റർ ദൂരത്തിൽ നീരൊഴുക്കില്ലാതെ പമ്പാനദി; ജല വിതരണ പദ്ധതികൾ പ്രതിസന്ധിയിൽ


വെച്ചൂച്ചിറ ∙ പമ്പാനദിയിൽ നീരൊഴുക്ക് നിലച്ചതോടെ ജല വിതരണ പദ്ധതിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ഇതേ സ്ഥിതി തുടർന്നാൽ ജല വിതരണം നിലയ്ക്കും. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിൽ തടയണ നിർമിച്ചതാണു പദ്ധതിയുടെ പ്രവർ‌ത്തനത്തെ ബാധിച്ചത്. ആറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം തടയണയിൽ സംഭരിക്കുകയാണ്. പിന്നീട് 500 മീറ്റർ നീളത്തിൽ നിർമിച്ചിട്ടുള്ള കനാലിലൂടെയാണു പവർ ഹൗസിലെത്തിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനു ശേഷം പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു 100 മീറ്റർ താഴെയാണ് വെള്ളം വീണ്ടും ആറ്റിലേക്ക് ഒഴുക്കിവിടുന്നത്. തടയണയ്ക്കും പവർ ഹൗസിനും മധ്യേ 600 മീറ്റർ ദൂരത്തിൽ ആറ്റിൽ നീരൊഴുക്കില്ല. വേനൽ കടുത്തതോടെയാണിതു നേരിട്ടത്.വെള്ളമെടുക്കുന്നത് പാറയിടുക്കിൽ നിന്ന്  പെരുന്തേനരുവി വെള്ളച്ചാട്ടത്തിനോടു ചേർന്നാണ് ജല വിതരണ പദ്ധതിയുടെ കിണറും പമ്പ് ഹൗസും നിർമിച്ചിട്ടുള്ളത്. ഈ ഭാഗത്താണു നീരൊഴുക്കില്ലാത്തത്. തടയണ നിർമിക്കും മുൻ‌പ് ആറ്റിലൂടെ ആവശ്യത്തിനു വെള്ളം വേനലിലും ഒഴുകിയെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പേരിനു മാത്രമാണു വെള്ളമെത്തുന്നത്. അതും പാറയിടുക്കിൽ കെട്ടിക്കിടക്കുന്ന വെള്ളം പൈപ്പുകളിലൂടെ കിണറ്റിലെത്തിക്കുകയാണ്. മഴക്കാലത്ത് ഇതിലൂടെ ചെളിയും മണലും മാലിന്യവുമെല്ലാം കിണറ്റിലെത്തും. പിന്നീട് കിണറ്റിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവു കുറയും. മണലും ചെളിയും വാരി നീക്കിയാണു തുടർന്ന് പമ്പിങ് നടത്തുക.


Fashion ⏭️

Back to top button