‘തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നു’, ഇലക്ഷൻ പരാജയങ്ങളുടെ കാരണം പറഞ്ഞ് എം എ ബേബി

എംഎ ബേബി
കോഴിക്കോട്: സംസ്ഥാനത്ത് സ്‌മാർട്‌ഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാർത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിക്കുന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇഡി പുതിയ രൂപത്തിൽ രംഗത്തെത്തി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നെന്നും കോഴിക്കോട് സിപിഎം വിശാല സംസ്ഥാന സമിതി യോഗ സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യവെ എം എ ബേബി ആരോപിച്ചു. അതേസമയം 2023ന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്കുണ്ടായ കടുത്ത തോൽവിയെയും തിരിച്ചടിയെയും ബേബി പ്രസംഗത്തിൽ തുറന്ന് സമ്മതിച്ചു.
തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നതായും ഇതാണ് തോൽവിക്ക് പ്രധാന ഘടകമായതെന്നും എം എ ബേബി പ്രസംഗത്തിൽ വിശദീകരിച്ചു. വീഴ്‌ചകളൊക്കെ തങ്ങൾ തുറന്ന് സമ്മതിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കിയതടക്കം ഇടത് സർക്കാരുകളുടെ നേട്ടം വിവരിച്ച അദ്ദേഹം ഇവയൊക്കെ മറച്ചുവച്ച് ചിലർ ഇടത്‌മുന്നണിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടെന്ന് ആരോപിച്ചു.
സിപിഎമ്മും ആർഎസ്‌എസും തമ്മിൽ ധാരണയുണ്ടെന്ന വ്യാജപ്രതീതി സൃഷ്‌ടിക്കപ്പെടുകയും തീവ്ര വലതുപക്ഷ ധ്രുവീകരണം നടന്നതുമാണ് തോൽവിക്ക് കാരണമായതെന്നും ഇതിനൊപ്പം പാർട്ടിക്ക് സംഭവിച്ച ചെറുതും വലുതുമായ പോരായ്‌മകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും മകൾ വീണാ വിജയനും മുഹമ്മദ് റിയാസിനും എതിരായി ഇഡിയെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്ത് പ്രതിസന്ധികളെ മറികടന്ന് സിപിഎം വരുമെന്ന് എം എ ബേബി വ്യക്തമാക്കി.
English Summary
CPM leader M.A. Baby admitted the party’s severe defeats in all elections since 2023, attributing losses to extreme right-wing communal consolidation and widespread fake news, including ED’s involvement. Speaking in Kozhikode, he alleged that left government achievements were hidden by false propaganda, and vowed CPM would resist political moves using ED against its leaders.


