NEWS

പ്രായപൂർത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി; സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തണം


കൊച്ചി ∙ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാനസിക, ശാരീരിക സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ട് കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തുന്നതിന് നിയമപരമായ തടസമില്ലെന്ന് ഹൈക്കോടതി. ഹരിപ്പാട് വയോധികനെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൾ അടക്കം പ്രായപൂർത്തിയാകാത്ത പ്രതികൾ അറസ്റ്റിലായ സംഭവത്തിലാണ് കോടതി ഉത്തരവ്. തങ്ങളെ തെളിവെടുപ്പ് നടത്താൻ കൊണ്ടുപോകുന്നതിനെതിരെ പ്രതികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി.ഗിരീഷിന്റെ ഉത്തരവ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് അർധരാത്രിയിൽ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി ഹരിപ്പാട് സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്തെന്നാണ് കേസ്. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളായ മറ്റൊരു പെൺകുട്ടിയുമാണ് ആരോപണം നേരിടുന്നത്. ഓഗസ്റ്റ് 18ന് അറസ്റ്റിലായ കുട്ടികളെ ഒബ്‌സർവേഷൻ ഹോമിലാക്കുകയും തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിയോടെ ഇവരിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ഗ്ലൗസുകൾ, കവർന്ന സാധനങ്ങൾ കൊണ്ടുവച്ച സ്ഥലം, ഗൂഢാലോചന നടന്ന സ്ഥലം എന്നിവ കണ്ടെത്താനായി കുട്ടികളെ തെളിവെടുപ്പിന് കൊണ്ടുപോകാൻ സെപ്റ്റംബർ 7ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകി.


Fashion ⏭️

Back to top button