NEWS
‘സിഎംആർഎൽ കേസിൽ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രം; പിണറായിയെയും റിയാസിനെയും പുറത്താക്കണം’

കോട്ടയം∙ സിഎംആർഎൽ കേസിൽ പുറത്തു വന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി അഗീകരിച്ച തെറ്റുതിരുത്തൽ രേഖ അനുസരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനേയും മുൻമന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സേവനം നൽകി 1.72 കോടി രൂപ സിഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയെന്നാണ് നേരത്തെ പറഞ്ഞത്. എന്നാൽ ഇപ്പോൾ പുറത്തു വന്ന രേഖകൾ അനുസരിച്ച് 3.28 കോടി രൂപയാണ്. 1.58 കോടി അധികമായി കൈപ്പറ്റി. ഇതിൽ 85 ലക്ഷം ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റിയതാണ്. അതെങ്കിലും കൈക്കൂലിപ്പണമാണെന്നു പിണറായി വിജയൻ അംഗീകരിക്കണമെന്നും ഷോൺ പറഞ്ഞു.കമ്പനി മേൽവിലാസം എകെജി സെന്ററിന്റേതു നൽകിയതു അധികാര ദുർവിനിയോഗമാണ്. ഇന്ററിം സെറ്റൽമെന്റ് ബോർഡ് വിധിയിൽ പിവി എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാവിനു വേണ്ടിയാണു വീണ പണം വാങ്ങിയതെന്നു ഇന്ററിം സെറ്റൽമെന്റ് ബോർഡിന്റെ വിധിയിൽ പറയുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണു പണം കൈമാറ്റം നടന്നത്. ആ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ വിറളി പൂണ്ട് ഇവിടെ നിന്നു പണം ഗൾഫിലേക്കു മാറ്റാൻ ശ്രമിച്ചതാണ്. 2024 ജനുവരി 31നാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. പുറത്തു വന്ന ഡയറിയിലെ എൻട്രികൾ എല്ലാം ഈ തീയതിക്കു ശേഷം 2025 വരെയുള്ള കാലത്താണ്. അന്വേഷണം പ്രഖ്യാപിച്ച ശേഷം അനധികൃതമായി ഉണ്ടാക്കിയ പണം കടത്തിയതിന്റെ തെളിവാണ് ഇത്.
Fashion ⏭️

