SPORTS
‘ട്രോഫി ചോർ..’: കൂവിവിളിച്ച് കാണികൾ, മുഖംകൊടുക്കാതെ ധൃതിയിൽ ഗ്രൗണ്ട് വിട്ട് നഖ്‌വി; പക്ഷേ ഇത്തവണ ‘വെറുംകയ്യോടെ’– വിഡിയോ

ദുബായ് ∙ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ കൂടിയായ പാക്കിസ്ഥാൻ മന്ത്രി മൊഹ്സിൻ നഖ്‌വിയിൽനിന്നു കിരീടം സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തയാറാകാതിരുന്നതോടെ, ഏഷ്യാ കപ്പ് ട്രോഫി വിതരണത്തിൽ നടന്നത് കഴിഞ്ഞ വർഷത്തെ തനിയാവർത്തനം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ വനിതകൾ ഏഷ്യ കപ്പ് ജേതാക്കളായത്. എട്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാംപ്യന്മാരാകുന്നത്. എന്നാൽ ടൂർണമെന്റിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകൾക്കായി താരങ്ങൾ ഗ്രൗണ്ടിലേക്ക് തിരിച്ചുവന്നില്ല. ഇന്ത്യൻ പുരുഷന്റെ ടീമിന് ഇതുവരെയും ഏഷ്യാ കപ്പ് ട്രോഫി ലഭിച്ചിട്ടില്ല. അത് നിലവിൽ ദുബായിലെ എസിസി ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. അന്ന് ട്രോഫി ഇല്ലാതെ തന്നെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വേദിയിൽ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. ‘സാങ്കൽപിക ട്രോഫി’ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ഇത്തവണ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ഇന്ത്യൻ താരം നന്ദിനി ശർമയ്ക്ക് ടീമിനുള്ളിലെ മികച്ച ഫീൽഡർക്കുള്ള മെഡൽ സമ്മാനിച്ചതിന് ശേഷം ഇന്ത്യൻ വനിതാ ടീം അംഗങ്ങൾ ഗ്രൗണ്ടിലേക്ക് മടങ്ങിവരാൻ പോലും കൂട്ടാക്കിയില്ല. അതേസമയം, ശ്രീലങ്കൻ ടീം റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് നഖ്‌വിയിൽ നിന്ന് സ്വീകരിച്ചു. അതിനുമുൻപ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും ശ്രീലങ്കൻ ക്രിക്കറ്റ് ഇടക്കാല മേധാവി ഇരാൻ വിക്രമരത്നയിൽനിന്ന് മെഡലുകൾ ഏറ്റുവാങ്ങുകയും ചെയ്തു. ∙ ‘ട്രോഫി ഒരു പ്രശ്നമല്ല’ ഏഷ്യ കപ്പ് ട്രോഫി സ്വീകരിക്കാത്തിൽ പ്രതികരണവുമായി ഇന്ത്യൻ ടീം മാനേജ്മെന്റ് രംഗത്തെത്തി. ഇന്ത്യ ഔദ്യോഗികമായി ചാംപ്യന്മാരായി കഴിഞ്ഞെന്നും ഇനി ട്രോഫി കിട്ടിയോ ഇല്ലയോ എന്നുള്ളത് പ്രശ്നമല്ലെന്നും ഇന്ത്യൻ മുഖ്യ പരിശീലകൻ അമോൽ മജുംദാർ പറഞ്ഞു. ‘‘ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാംപ്യംന്മാരായിക്കഴിഞ്ഞു. ട്രോഫി ഉണ്ടോ ഇല്ലയോ എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. ഇത് (നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്നത്) ബിസിസിഐയുടെ നിലപാടാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല.’’– മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അമോൽ മജുംദാർ പറഞ്ഞു.
Auto ⏭️


